സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും, കല്ലിടുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

അഞ്ചു കോടിയുടെ സ്വത്ത് എവിടെ നിന്നാണെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കണം.മന്ത്രി എന്ന നിലയില്‍ സ്രോതസ് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം സജി ചെറിയാനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു

Update: 2022-03-26 09:48 GMT

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിയില്‍ ദുരൂഹതയും ആശയക്കുഴപ്പവും ഇപ്പോഴും തുടരുകയാണ്. മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ലെന്ന് പറഞ്ഞു. പിന്നീട് കെ റെയില്‍ എം.ഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ 64000 കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അതിന് മുന്‍പ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് 80000 കോടി രൂപയാണെന്നാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റലും ഡിപിആറില്‍ വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കുന്നതും വ്യത്യസ്തമായ മറുപടി. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഡാറ്റാ തിരിമറി നടത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആ ഡാറ്റാ കൃത്രിമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം നുണ പറഞ്ഞു. പല കള്ളങ്ങള്‍ പറഞ്ഞത് കൊണ്ട് നിരവധി കള്ളങ്ങള്‍ ഓരോ ദിവസവും പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറു മാസം മുന്‍പ് കെ റെയില്‍ കൊടുത്ത നോട്ടാണ്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആര്‍ക്കും ഒരു ധാരണയും ഇല്ലാതെ അടിമുടി ദുരൂഹത നിറഞ്ഞ പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പദ്ധതിക്ക് വേണ്ടി കല്ലിടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സമര സമിതിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ഒരു സ്ഥലത്തും സമരക്കാരുടെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായിട്ടില്ല. എന്നാല്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ പോലിസ് ശ്രമിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പറഞ്ഞ് സമരക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം വിരട്ടലുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. സമരം ശക്തിയായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടേണ്ട ആവശ്യമില്ല. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം സ്ഥലം മാര്‍ക്ക് ചെയ്താല്‍ മതി. സമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ സര്‍വെയോ മണ്ണ് പരിശോധനയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കിയത്? മണ്ണിന്റെ ഘടന അപകടമാണെന്നും സ്പീഡ് ട്രെയിന്‍ ഓടിക്കാന്‍ പറ്റിയ സ്ഥലമല്ലെന്നും കഴിഞ്ഞ ദിവസം മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തിമാക്കിയിട്ടുണ്ട്. മണ്ണിന്റെ ഘടന പരിശോധിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ ലൂസായ മണ്ണാണെന്ന് പറഞ്ഞ് ചിലര്‍ ട്രോള്‍ ഇറക്കി. അതുതന്നെയാണ് ഇ ശ്രീധരന്‍ പറഞ്ഞത്. കേരളം മുഴുവന്‍ കെ റെയിലിന് എതിരായ സമരം നടക്കുകയാണ്. യുഡിഎഫ് ആ സമരത്തിനൊപ്പമാണ്. ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും സമരത്തിനൊപ്പമുണ്ട്. സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിയാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ പേരില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ പദ്ധതിയില്‍ അടിമുടി ദുരൂഹതയാണ്.

അലൈന്‍മെന്റ് മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ എട്ട് മാസം മുന്‍പ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവര കണക്കില്‍ 32 ലക്ഷം രൂപയുടെ സ്വത്ത് മാത്രമെ തനിക്കുള്ളെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വത്ത് വിവര കണക്കില്‍ തെറ്റ് പറ്റിയതാണെന്നോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം 5 കോടിയുടെ സ്വത്ത് ഉണ്ടാക്കിയെന്നോ വേണം മനസിലാക്കാന്‍. ഇതേക്കുറിച്ച് മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്.

5 കോടിയുടെ സ്വത്ത് എവിടെ നിന്നാണ് കിട്ടിയതെന്ന് മന്ത്രി തന്നെ പറയണം. മന്ത്രി എന്ന നിലയില്‍ സ്രോതസ് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രി കണ്ടെന്ന് പറഞ്ഞ അതേ ദിവസവും യുഡിഎഫ് ഉയര്‍ത്തിയ അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് റെയില്‍വെ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തമ്മില്‍ യോജിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു സംഘം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News