പ്രതിപക്ഷത്തിന്റെ അവകാശലംഘന പരാതി; ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം തേടി
കിഫ്ബിക്കെതിരായ സിഎജി റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം: സിഎജി റിപോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അവകാശലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് സ്പീക്കര്‍ വിശദീകരണം തേടി. കിഫ്ബിക്കെതിരായ സിഎജി റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
നിയമസഭയില്‍ വയ്ക്കുംവരെ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ട രേഖകള്‍ മന്ത്രി തന്നെ പുറത്തുവിട്ടത് ഗൗരവതരമാണെന്നും സഭയോടുളള അനാദരവാണെന്നും ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിന് എത്രയും പെട്ടെന്ന് മറുപടി നല്‍കാനാണ് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തില്‍ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സിഎജി റിപോര്‍ട്ട് പുറത്തുവന്നത് വിവാദമായതിനെത്തുടര്‍ന്ന് കരട് റിപോര്‍ട്ടാണെന്ന വാദവുമായി ധനമന്ത്രി രംഗത്തുവന്നിരുന്നു. എന്നാല്‍, അന്തിമറിപോര്‍ട്ടാണ് നല്‍കിയതെന്ന സിഎജിയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ ധനമന്ത്രി വീണ്ടും വെട്ടിലായി. സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് സര്‍ക്കാരിനെ സംരക്ഷിക്കാനുമാണ് ധനമന്ത്രി സിഎജി റിപോര്‍ട്ടുമായി രംഗത്തുവന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്.
അതേസമയം, ലൈഫ് മിഷനില്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെക്കുറിച്ച് ഇഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ലൈഫ്മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തിയ നടപടിക്കെതിരേ ജയിംസ് മാത്യു എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ ഇഡിയോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഇഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്.
എന്നാല്‍, സമിതിക്ക് മുന്നിലെത്തുന്നതിന് മുമ്പ് ഇഡിയുടെ മറുപടി മാധ്യമങ്ങളില്‍ വന്നുവെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍. അതേസമയം, കിഫ്ബിയെ സംബന്ധിച്ച സിഎജി റിപോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ രാജിവയ്ക്കാനില്ലെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിലപാട്. നടപടിക്രമത്തില്‍ പിഴവുണ്ടായെങ്കില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം. സ്പീക്കര്‍ വിധിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാം. സിഎജി രാഷ്ട്രീയം കളിക്കാനിങ്ങനിറങ്ങരുതെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.