സംസ്ഥാനത്ത് കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഇളവുനല്‍കും

ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. രക്തദാനത്തിന് സന്നദ്ധരായവര്‍ ഈയവസരത്തില്‍ മുന്നോട്ടുവരണമെന്ന് പൊതു അഭ്യര്‍ത്ഥന നടത്തുകയാണ്. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും.

Update: 2020-04-08 17:55 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഇടപെടും. സന്നദ്ധം വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ഊര്‍ജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളില്‍ 50ല്‍ താഴെ മാത്രം വളണ്ടിയര്‍മാരാണുള്ളത്. ഈ വിഷയത്തില്‍ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു.

കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കര്‍ണാടകത്തിലെ ആശുപത്രികളില്‍ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. രക്തദാനത്തിന് സന്നദ്ധരായവര്‍ ഈയവസരത്തില്‍ മുന്നോട്ടുവരണമെന്ന് പൊതു അഭ്യര്‍ത്ഥന നടത്തുകയാണ്. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണം.

ലോക്ക്ഡൗണ്‍ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് വലിയ പ്രശ്‌നമാണ്. വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം ആവശ്യമായ പിഴ ചുമത്തി പകരം സംവിധാനം കണ്ടെത്താന്‍ ആലോചിച്ചിട്ടുണ്ട്.

ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചറിയുന്നത് വ്യാപകമാണ്. അവയില്‍ ഏറെനേരം വൈറസുകള്‍ തങ്ങിനില്‍ക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്‌കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    

Similar News