ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു
ഇന്ന് പുലര്‍ച്ചെയാണ് പോലിസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.ഏറ്റെടുക്കുന്നത് പ്രതിരോധിക്കുന്നതിനായി പള്ളിയില്‍ തമ്പടിച്ചിരുന്ന വിശ്വാസികളെയും മെത്രാപോലിത്തമാരെയും പുരോഹിതരെയും അടക്കമുള്ളവരെ ബലപ്രയോഗത്തിലുടെ നീക്കിയാണ് പോലിസിന്റെ സഹായത്താല്‍ എറണാകുളം ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പളളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് പുലര്‍ച്ചെയാണ് പോലിസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.ഏറ്റെടുക്കുന്നത് പ്രതിരോധിക്കുന്നതിനായി പള്ളിയില്‍ തമ്പടിച്ചിരുന്ന വിശ്വാസികളെയും മെത്രാപോലിത്തമാരെയും പുരോഹിതരെയും അടക്കമുള്ളവരെ ബലപ്രയോഗത്തിലുടെ നീക്കിയാണ് പോലിസിന്റെ സഹായത്താല്‍ എറണാകുളം ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പള്ളിഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി സാധ്യത തേടിയിരുന്നു.ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ പോലിസിന്റെ സഹായത്താല്‍ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്.
പള്ളി ഏറ്റെടുക്കുന്നതിനെതിരെ വിശ്വാസികളും പുരോഹിതരും കടുത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലിസ് ബലപ്രയോഗത്തിലുടെ ഇവരെ നീക്കി.പള്ളിയുടെ ഗേറ്റ് വിശ്വാസികള്‍ താഴുപയോഗിച്ച് പൂട്ടിയെങ്കിലും പോലിസ് ഇത് അറുത്ത് മാറ്റിയാണ് ഉളളില്‍ കടന്നത്.തുടര്‍ന്ന് വിശ്വാസികളെയടക്കം മുഴുവന്‍ പ്രതിഷേധക്കാരെയും പള്ളി കോംപൗണ്ടില്‍ നിന്നും ഒഴിപ്പിച്ച ശേഷം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.അതേ സമയം പോലിസ് ക്രൂരമായിട്ടാണ് മെത്രാപോലീത്തമാരോടും വൈദികരോടും വിശ്വാസികളോടും പെരുമാറിയതെന്ന് വിശ്വാസികളും വൈദികരും ആരോപിച്ചു.
മെത്രാപോലിത്തമാരെയും വൈദികരെയും പോലിസ് പള്ളിയില്‍ കയറി മര്‍ദിച്ചു.കോടതി വിധിയുടെ മറവില്‍ പള്ളി പിടിച്ചടക്കുകയാണ് ചെയ്തതെന്നും വൈദികര്‍ ആരോപിച്ചു.ഇത്രയും ക്രൂരത എന്തിനാണ് കാട്ടിയതെന്നും ഇവര്‍ ചോദിച്ചു.ആയിരത്തോളം വരുന്ന പോലിസുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. അതുവരെയങ്കിലും സമയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടും പോലിസ് വഴങ്ങിയില്ലെന്നും വൈദികര്‍ ആരോപിച്ചു.മെത്രാപോലിത്ത പോളി കാര്‍പസ് അടക്കമുള്ളവര്‍ക്ക് പോലിസ് ആക്രമത്തില്‍ പരിക്കേറ്റുവെന്നും ഇവര്‍ ആരോപിച്ചു.