പി വി അന്‍വര്‍ എംഎല്‍എ കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കണം:ഹൈക്കോടതി

കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2022 ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു

Update: 2021-12-24 13:37 GMT

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ കൈവശം വെച്ചിരിക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2022 ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറിയിക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.പി വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാര്‍ച്ച് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി ഷാജി നല്‍കിയ കോടതി അലക്ഷ്യ ഹരജിയണ് കോടതി പരിഗണിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സര്‍വേ നമ്പറും വിസ്തീര്‍ണവും കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയംവേണമെന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കേട് ലാന്റ് അക്യുസിഷന്‍ ഡെപ്യൂട്ടികലക്ടര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പി വി അന്‍വര്‍ എംഎല്‍എ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Tags:    

Similar News