കാന്‍സര്‍ ബാധിതനായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം: പാലാ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി പി എസ് സാബുവാണ് സസ്‌പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് ഓട്ടോ ഡ്രൈവറായ അഖിലിനെ പാലാ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടി ചെയ്തുവന്ന എഎസ്‌ഐ കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തത്.

Update: 2019-07-17 15:36 GMT

കോട്ടയം: കാന്‍സര്‍ ബാധിതനായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പാലാ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ജോബി ജോര്‍ജിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു. കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി പി എസ് സാബുവാണ് സസ്‌പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് ഓട്ടോ ഡ്രൈവറായ അഖിലിനെ പാലാ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടി ചെയ്തുവന്ന എഎസ്‌ഐ കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തത്.

മദ്യപിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അഖിലിനെ വൈദ്യപരിശോധന നടത്താതെയായിരുന്നു പോലിസിന്റെ ക്രൂരത. യാത്രക്കാരെ ഇറക്കിയശേഷം മടങ്ങിവരുന്ന വഴിക്കാണ് പോലിസ് വാഹനപരിശോധനയുടെ പേരില്‍ ഓട്ടോ തടഞ്ഞത്. പുറത്തിറങ്ങിയ അഖിലിനോട് നീ മദ്യപിച്ചിട്ടുണ്ടല്ലോടാ എന്നു പറഞ്ഞ് എഎസ്‌ഐ ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. കൂടാതെ പിഴയടയ്ക്കാനും ആവശ്യപ്പെട്ടു. തന്റെ കൈയില്‍ പണമില്ലെന്നും കൈയിലുളളത് കീമോ ചികില്‍സയ്ക്കുവേണ്ടിയാണെന്നും പറഞ്ഞു. എന്നാല്‍, പോലിസ് ഇതിന് കൂട്ടാക്കാതെ അഖിലിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട അഖിലിനെ എഎസ്‌ഐയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.

വായില്‍നിന്നും ചെവിയില്‍നിന്നും ചോരവാര്‍ന്ന് സെല്ലില്‍കിടന്ന അഖിലിനെ പിന്നീട് പോലിസുകാര്‍ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും കെട്ടുമാറുമ്പോള്‍ ശരിയാവുമെന്നായിരുന്നു പോലിസിന്റെ നിലപാട്. ഒടുവില്‍ ബന്ധുക്കള്‍തന്നെ അഖിലിനെ പാലാ താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലും കാന്‍സര്‍ രോഗിയായതിനാലും ഡോക്ടര്‍മാര്‍ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്നാണ് അഖിലിന്റെ ബന്ധുക്കള്‍ എഎസ്‌ഐക്കെതിരേ കോട്ടയം എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.

Tags:    

Similar News