പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചുതുടങ്ങി

പാലത്തിന്റെ ഏകദേശം മധ്യഭാഗത്തായുള്ള ഗര്‍ഡറാണ് പൊളിച്ചത്. ഇത്തരത്തില്‍ നൂറിലേറെ ഗര്‍ഡറുകളാണ് പൊളിച്ചു നീക്കേണ്ടത്. ഒരു ഗര്‍ഡര്‍ പൊളിച്ചുമാറ്റാന്‍ രണ്ടരമണിക്കൂറാണ് ആവശ്യമായി വരിക.

Update: 2020-10-08 02:55 GMT

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചുതുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഗര്‍ഡറുകള്‍ പൊളിച്ചുനീക്കുന്ന ജോലികള്‍ തുടങ്ങിയത്. പാലത്തിന്റെ ഏകദേശം മധ്യഭാഗത്തായുള്ള ഗര്‍ഡറാണ് പൊളിച്ചത്. ഇത്തരത്തില്‍ നൂറിലേറെ ഗര്‍ഡറുകളാണ് പൊളിച്ചു നീക്കേണ്ടത്. ഒരു ഗര്‍ഡര്‍ പൊളിച്ചുമാറ്റാന്‍ രണ്ടരമണിക്കൂറാണ് ആവശ്യമായി വരിക. പൊളിക്കുന്ന ഗര്‍ഡര്‍ ഇവിടെ വച്ചുതന്നെ മുറിച്ച് കഷണങ്ങളാക്കി ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡിലേക്ക് മാറ്റും. യന്ത്രങ്ങളുടെ സഹായത്തോടെയാണ് മുഴുവന്‍ ഗര്‍ഡറുകളും മുറിച്ചുമാറ്റുന്നത്.

പുതിയ ഗര്‍ഡറുകളുടെ നിര്‍മാണം മുട്ടം യാര്‍ഡില്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് വിവരം. പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കംചെയ്യുന്നതാണ് അടുത്തഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കംചെയ്യും. എട്ടുമാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് പാലം പൊളിച്ചുപണിയാന്‍ സുപ്രിംകോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 18.5 കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള ചെലവ് കണക്കാക്കുന്നത്. 39 കോടി ചെലവില്‍ നിര്‍മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിനുളളില്‍ അടയ്ക്കുകയായിരുന്നു.

Tags:    

Similar News