അഗതിമന്ദിരത്തില്‍ വൃദ്ധയ്ക്കും മകള്‍ക്കും ക്രൂരമര്‍ദനം: സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
അഗതി മന്ദിരത്തിലെ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെയാണ് ഇവിടുത്തെ അന്തേവാസിയായ ചേര്‍ത്തല സ്വദേശിനി രാധാമണി (38)യുടെ പരാതിയെ തുടര്‍ന്ന് സസ്‌പെന്റു ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ അതിക്രമം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെന്‍ഷനെന്നും. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൊച്ചി: കൊച്ചി കോര്‍പറേഷനു കീഴിലുള്ള പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയായ യുവതിയെയും വൃദ്ധയായ അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്‌പെന്റ് ചെയ്തു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയാണ് സസ്പെന്റ് ചെയ്തത്് . അഗതി മന്ദിരത്തിലെ അന്തേവാസിയായ ചേര്‍ത്തല സ്വദേശിനി രാധാമണി (38)യുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അതിക്രമം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.ഒരു വര്‍ഷം മുമ്പാണ് പരാതിക്കാരിയായ രാധാമണി പള്ളുരുത്തി അഗതി മന്ദിരത്തില്‍ അന്തേവാസിയായി എത്തുന്നത്.
മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സ നടത്തുന്ന രാധാമണിയെ കാണാന്‍ അമ്മ കാര്‍ത്ത്യായനി തിങ്കളാഴ്ച രാവിലെയാണ് അഗതി മന്ദിരത്തില്‍ എത്തുന്നത്. രാധാമണിയെ അഗതി മന്ദിരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ 2,25,000 രൂപ ബാങ്കില്‍ നിക്ഷേപിച്ച പാസ് ബുക്കും എടിഎം കാര്‍ഡും സ്വര്‍ണ്ണാഭരണങ്ങളും അഗതി മന്ദിരത്തിന്റെ ഓഫീസില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നിക്ഷേപിച്ച പണത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായനി അന്വേഷിക്കാന്‍ എത്തിയത്. ഓഫിസില്‍ എത്തി ഇത് അന്വേഷിക്കുന്നതിനിടെ പ്രകോപിതനായ സൂപ്രണ്ട് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. അനുമതിയില്ലാതെ അന്‍വര്‍ ഹുസൈന്‍ സ്വന്തം വീട്ടില്‍ രണ്ടുമാസത്തോളം ജോലിയെടുപ്പിച്ചതിന് കൂലി നല്‍കിയിട്ടില്ലെന്നും രാധാമണിയുടെ പരാതിയില്‍ പറയുന്നുണ്ട്.ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകരാം സുപ്രണ്ടിനെതിരെ പള്ളുരുത്തി പോലിസ് കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ വനിതാ കമ്മീഷന്‍ അംഗങ്ങളും അഗതി മന്ദിരത്തിലെത്തി തെളിവെടുപ്പ് നടത്തി.കൊച്ചിയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ സൂപ്രണ്ടിന്റെ മൊഴിയെടുക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.