മങ്കട: ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും മലപ്പുറത്തിന്റെ സമഗ്രവികസനത്തിനും ഇത്രയുംകാലം കൈകൊണ്ട നടപടികളെക്കുറിച്ച് പരസ്യസംവാദത്തിന് എസ് ഡിപിഐ ഇടത്, വലത് മുന്നണികളെ വെല്ലുവിളിക്കുന്നതായി മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ.തസ്‌ലിം റഹ്മാനി. മങ്കട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനങ്ങളോട് ഉത്തരവാദിത്തം നിറവേറ്റാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല.
മലപ്പുറത്തിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ ലീഗ് പരാജയപ്പെട്ടിട്ടിരിക്കുന്നു. ഇടതുപക്ഷ ഭരണം മലപ്പുറത്തെ രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരില്‍ അവഗണിക്കുകയായിരുന്നു. സര്‍ക്കാര്‍തല വികസനത്തിന്റെ കാര്യത്തില്‍ മലപ്പുറം സംസ്ഥാനത്ത് തന്നെ ഏറെ പിന്നിലാണ്. എല്ലാ മേഖലയിലും ഭരണാധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിന് കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ വളരെക്കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിന് മറുപടി പറയാന്‍ ഇരുമുന്നണികള്‍ക്കും ബാധ്യതയുണ്ട്.
മലപ്പുറം വികസന കാര്യത്തില്‍ പിന്നാക്കം പോയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഈ രണ്ടുകൂട്ടര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല- അദ്ദേഹം പറഞ്ഞു. രാവിലെ അരിപ്രയില്‍നിന്നും ആരംഭിച്ച പര്യടനം പനങ്ങാങ്ങര, രാമപുരം, വടക്കാങ്ങര, പഴമള്ളൂര്‍, പടപ്പറമ്പ്, പരവക്കല്‍, കടുങ്ങപുറം, പുഴക്കാട്ടിരി എന്നിവിടങ്ങള്‍ പിന്നിട്ടശേഷം തിരൂര്‍ക്കാട് പൊതുയോഗത്തോടെ സമാപിച്ചു. എസ് ഡിപിഐ സംസ്ഥാന സമിതി അംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, അഡ്വ. എ എ റഹിം, മങ്കട മണ്ഡലം ഭാരവാഹികളായ എന്‍ പി ശിഹാബ്, എം കബീര്‍, ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് എടക്കര, കോയ തലക്കാപ്പ്, നൗഫല്‍ പരപ്പനങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.