ചേർത്തല ദേശീയപാത വിവാദം; എ എം ആരിഫിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം
പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ആലപ്പുഴ: ചേർത്തല ദേശീയപാത നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ചു തന്നോടു സംസാരിച്ചിരുന്നുവെന്ന എ എം ആരിഫിന്റെ വാദം സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ തള്ളി. പരാതിയെക്കുറിച്ചു തന്നോടു പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. മുൻ മന്ത്രി ജി സുധാകരനെ കുരുക്കിലാക്കാൻ ആയിരുന്നു ദേശീയപാത പുനർ നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എ എം ആരിഫ് എം പിയുടെ കത്ത്.
പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണ്. പരാതി നേരത്തെ അന്വേഷിച്ചു തള്ളിയതാണെന്നും നാസർ പറഞ്ഞു. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ നടന്ന അരൂർ - ചേർത്തല റോഡു പുനർനിർമാണത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരിഫ് ആരോപിച്ചത്. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാക്കളും ഉൾപ്പെടെ ഇക്കാര്യം പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി.
ജി സുധാകരന്‍റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്‍റെ വാദം. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനം ആരിഫ് നടത്തിയെന്നും,സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
എൽഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്‍റെ നടപടിയെന്നും പ്രതിപക്ഷത്തിന് അടിക്കാൻ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിലും സമ്മർദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം.
തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുമതിയില്ലാതെ സ്ഥാനാർഥികൾക്കൊപ്പം പോസ്റ്റർ തയ്യാറാക്കി, ജില്ല ഒട്ടാകെ പതിച്ചത് ഉൾപ്പെടെ പല വിവാദങ്ങളും വീണ്ടും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാക്കാനും സുധാകര അനുകൂലികൾ തീരുമാനിച്ചിട്ടുണ്ട്. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ എം ആരിഫ് എംപി.