പെരിയ ഇരട്ടക്കൊലപാതകം: സിബി ഐക്ക് ഫയലുകള്‍ കൈമാറിയില്ലെന്ന്; കോടതിയലക്ഷ്യഹരജിയുമായി ഹൈക്കോടതിയില്‍
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കളാണ് അഡ്വ. ടി ആസഫലി മുഖേന ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനു ശേഷവും കേസ് ഫയല്‍ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്
കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ഫയല്‍ സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ അഡ്വ. ടി ആസഫലി മുഖേനയാണ് കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനു ശേഷവും കേസ് ഫയല്‍ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
ഡിവിഷന് ബെഞ്ച് ഉത്തരവ് പുറത്തിറങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നല്കി.പക്ഷേ, കേസ് രേഖകള്‍ മാത്രം ഇതുവരെ കൈമാറിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ്് കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.തുടര്‍ന്ന് അന്വേഷണം ഏഏറ്റെടുത്ത സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികള്‍ നിലച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതോടെ രേഖകള്‍ കൈമാറാത്തതിന് സാങ്കേതിക തടസങ്ങളാണ് കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചത്. അടുത്തിടെ സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് ഡിവിഷന് ബെഞ്ച് സിബി ഐ അന്വേഷണം ശരിവെച്ച് ഉത്തരവിട്ടിട്ടും ഫയലുകള്‍ കൈമാറുന്നതില്‍ ഒളിച്ചുകളി തുടരുകയാണെന്നു ഹരജിക്കാര്‍ ആരോപിച്ചു.