ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യത്തിന് പരിഹാരമായി
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതോടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യത്തില്‍ പരിഹാരമായിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ അത്യാഹിത വിഭാഗം ഡ്യൂട്ടി ഉള്‍പ്പടെ ബഹിഷ്‌കരിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായിരിക്കുന്നത്. മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.
373 ജൂനിയര്‍ നോണ്‍ അക്കാദമിക്ക് റെസിഡന്റുമാരെ നിയമിക്കാനാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇവര്‍ക്ക് 45,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. നീറ്റ് പിജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം നീളുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാന ആവശ്യത്തില്‍ തീരുമാനമായതിനാല്‍ പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.