ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തു; വീട്ടമ്മയുടെ പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കോട്ടയം: ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍ കോട്ടയത്ത് അഞ്ചുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവുമെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ചങ്ങനാശ്ശേരി ഡിവൈഎസ്പി കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ചങ്ങനാശ്ശേരി, വാകത്താനം സിഐമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ തയ്യല്‍ ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പോലിസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരേ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുകയെന്ന ഉത്തരവാദിത്തം പോലിസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.