ഒളിച്ചോടില്ല, കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിലെത്തുമെന്ന് പി എം എ സലാം
കേരള പോലിസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനിരാജയുടെ പ്രസ്താവന മുസ്‌ലിം ലീഗ് മുമ്പ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പി എം എ സലാം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്‍പില്‍ ഹാജരാവുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇഡിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങള്‍ മൂലമാവാം ഇഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നത്. കെ സുരേന്ദ്രനും കെ ടി ജലീലും ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇഡിക്ക് മുന്‍പില്‍ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. സെപ്തംബര്‍ എട്ടിന് കോഴിക്കോട് വച്ച് മുസ്‌ലിം ലീഗിന്റെ നേതൃയോഗം ചേരും. ഈ യോഗത്തില്‍ ഹരിത വിഷയം ചര്‍ച്ച ചെയ്യുമെന്നും സലാം അറിയിച്ചു.
കേരള പോലിസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനിരാജയുടെ പ്രസ്താവന മുസ്‌ലിം ലീഗ് മുമ്പ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പി എം എ സലാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ദേശീയ നേതാവിന്റെ പ്രസ്താവന വളരെ ഗൗരവത്തോടെ കാണണമെന്നും സലാം ആവശ്യപ്പെട്ടു.
ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയുടെ ഭാഗമായി സോഷ്യോളജിയുടെ ചോദ്യപേപ്പറില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് വന്ന ചോദ്യം ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന് എതിരാണോ എന്നതാണ് ചോദ്യം. എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍ ?. വിദ്യാഭ്യാസ വകുപ്പിലും സംഘ് ഏജന്റുകള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞത് ന്യൂനപക്ഷത്തിന്റെ വോട്ട് വാങ്ങാന്‍ വേണ്ടി മാത്രമാണ്. സംഘ പരിവാര്‍ ഏജന്റുമാര്‍ മന്ത്രിസഭയിലും ഉണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും സലാം പറഞ്ഞു.
അതേസമയം എംഎസ്എഫ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയ ഹരിതയിലെ പെണ്‍കുട്ടികളോട് ഹിയറിങ്ങിന് ഹാജരാവാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. മലപ്പുറത്ത് ഹാജരാവാന്‍ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു. കോഴിക്കോടെ ഹിയറിങ്ങിന്റെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വനിത കമ്മീഷന്‍ വ്യക്തമാക്കി.