എംഎസ്എഫ് ക്യാംപിൽ നീറിപ്പുകഞ്ഞ് ഹരിത വിവാദം: പികെ നവാസിന് രൂക്ഷ വിമർശനം

ഹരിത വിവാദം എംഎസ്എഫിന് നാണക്കേടുണ്ടാക്കിയെന്ന് ക്യാംപില്‍ പങ്കെടുത്ത ഒരു വിഭാഗം നേതാക്കൾ കുറ്റപെടുത്തി.

Update: 2022-02-20 13:40 GMT

മലപ്പുറം: എംഎസ്‌എഫ് സംസ്ഥാന ക്യാംപിൽ പ്രസിഡന്റ് പികെ നവാസിനെതിരേ രൂക്ഷ വിമർശനം. ഹരിത വിവാദത്തിൽ എംഎസ്എഫിലെ ഒരു വിഭാഗം നേതാക്കള്‍ പികെ നവാസിനെതിരേ വിമര്‍ശനം ഉയർത്തി. കേസും നിയമ നടപടികളും നേരിടുന്നവരെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ ഈ വിഭാഗം ശ്രമിച്ചു. എന്നാൽ പികെ നവാസിന് അനുകൂലമായാണ് നേതൃത്വം നിലപാടെടുത്തത്. പ്രമേയം അവതരിപ്പിക്കാൻ നേതൃത്വം അനുവാദം നൽകിയില്ല.

മലപ്പുറത്ത് നടന്ന എംഎസ്എഫ് നേതൃ ക്യാംപിലാണ് സംസ്ഥാന പ്രസിഡന്റിനെതിരേ രൂക്ഷ വിമര്‍ശനം ഉയർന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ ആലോചിക്കാനായിരുന്നു എംഎസ്എഫ് സംസ്ഥാന ക്യാംപ് വിളിച്ചു ചേർത്തത്. എന്നാൽ സമീപ കാലത്ത് സംഘടനയുടെ പേരിൽ ഉയർന്ന വിവാദ വിഷയങ്ങളുടെ പേരിലാണ് പികെ നവാസ് വിമര്‍ശിക്കപെട്ടത്.

ഹരിത വിവാദം എംഎസ്എഫിന് നാണക്കേടുണ്ടാക്കിയെന്ന് ക്യാംപില്‍ പങ്കെടുത്ത ഒരു വിഭാഗം നേതാക്കൾ കുറ്റപെടുത്തി. സംസ്ഥാന പ്രസിഡന്റിനെതിരേ പെൺകുട്ടികളുടെ പരാതിയും കേസും കാംപസുകളില്‍ ചർച്ചയായെന്നും വിദ്യാർഥികളുടെ മുന്നിൽ എംഎസ്എഫിന് ഇത് കടുത്ത അപമാനമുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.

കേസുകളും നിയമ നടപടികളും നേരിടുന്നവരെ എംഎസ്എഫിന്റെ നേതൃ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന പ്രമേയവും പികെ നവാസ് വിരുദ്ധ വിഭാഗം ക്യാംപില്‍ അവതരിപ്പിക്കാൻ ശ്രമിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള എംഎസ്എഫ് നേതാക്കളായിരുന്നു പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാൽ സംസ്ഥാന ക്യാംപിൽ സംസ്ഥാന പ്രസിഡന്റിനെതിരേ പ്രമേയം അവതിരിപ്പിക്കാൻ നേതൃത്വം ഇവർക്ക് അനുവാദം നൽകിയില്ല. ഹരിത വിവാദമടക്കം എംഎസ്എഫിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നായിരുന്നു പ്രമേയം അവതരിപ്പിക്കാനുള്ള വിഷയത്തെ കുറിച്ചുള്ള ചോദ്യത്തോട് പികെ നവാസിന്റെ മറുപടി.

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങളുണ്ടായ ശേഷം പുനസംഘടിപ്പിക്കപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കും ക്യാംപിൽ വിമർശനമുണ്ടായി. ഹിജാബ് വിഷയത്തില്‍ ഹരിതയുടെ പ്രതിഷേധ പരിപാടികള്‍ വേണ്ടത്ര ശ്രദ്ധേയമായില്ലെന്നായിരുന്നു വിമര്‍ശനം. ഹിജാബ് സംബന്ധിച്ച് ക്യാംപില്‍ ഹരിത അവതരിപ്പിച്ച പ്രമേയവും വിമര്‍ശന വിധേയമായി.

Similar News