മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം : അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ബാച്ചുകള്‍ അനുവദിക്കണം- നാഷണല്‍ യൂത്ത് ലീഗ്
നിരവധി ജില്ലകളില്‍ അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുകളും ബാച്ചുകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്, ഇത് സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലേക്ക് പുനര്‍ക്രമീകരിക്കാനായാല്‍ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിക്കും- യോഗം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പുറത്തു വന്നിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന സീറ്റ്, ബാച്ച് അപര്യാപ്തത പരിഹരിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ബാച്ചുകള്‍ അനുവദിക്കണം, നിരവധി ജില്ലകളില്‍ അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുകളും ബാച്ചുകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്, ഇത് സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലേക്ക് പുനര്‍ക്രമീകരിക്കാനായാല്‍ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിക്കും- യോഗം അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നേരിടുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്. പോളിടെക്‌നിക്, വിഎച്ച്എസ്‌സി, കോളജുകള്‍ എന്നിവയിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്ഥാപനങ്ങള്‍ നിലവിലില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും ശക്തമായ പ്രതിസന്ധിയാണ് മലബാര്‍ മേഖലയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകള്‍ ഉറപ്പാക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശങ്കയിലാവുന്നത്. ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിം ലീഗിന്റെ കച്ചവട താല്‍പര്യങ്ങളാണ് മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറില്‍ കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം ഊട്ടിയുറപ്പിക്കും വിധമാണ് നാളിതുവരെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദാര്‍ഹമാണ്. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഒപി റഷീദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ കരുവന്‍തുരുത്തി, ഓര്‍ഗനൈസിങ് സെക്രട്ടറി നസ്‌റുദ്ദീന്‍ മജീദ്, വൈസ് പ്രസിഡന്റുമാരായ റഹ്മത്തുള്ള ആസാദ് പൂന്തുറ, ഗഫൂര്‍ കൂടത്തായി, ആഷിഖ് കിള്ളിക്കുന്ന്, ഗഫൂര്‍ താനൂര്‍
ജോയിന്റ് സെക്രട്ടറിമാരായ ജഅ്ഫര്‍ ശര്‍വാനി പാലക്കാട്, കലാം ആലുങ്ങല്‍, മുജീബ് കൊല്ലൂര്‍വിള, ഷമീര്‍ കണ്ണൂര്‍, സംസ്ഥാന ട്രഷറര്‍ അമീന്‍ മേടപ്പില്‍ സംസാരിച്ചു.