പ്രണയ നൈരാശ്യം; കരുവന്നൂരില്‍ പ്ലസ്ടു വിദ്യാര്‍ഥി പാലത്തില്‍നിന്ന് പുഴയില്‍ ചാടി

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സൈക്കിളിലെത്തിയ അലന്‍ ക്രിസ്‌റ്റോ എന്ന വിദ്യാര്‍ഥിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം.

Update: 2022-07-20 16:14 GMT

കരുവന്നൂര്‍: വലിയ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സൈക്കിളിലെത്തിയ അലന്‍ ക്രിസ്‌റ്റോ എന്ന വിദ്യാര്‍ഥിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും തൃശൂരില്‍ നിന്ന് സ്‌കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുണ്ട്. ഇരിങ്ങാലക്കുട, ചേര്‍പ്പ് പോലിസ് സ്ഥലത്തെത്തിയാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പാലത്തിന്റെ പകുതിയില്‍ സൈക്കിള്‍ നിര്‍ത്തിയ വിദ്യാര്‍ഥി പാലത്തിന്റെ കൈവരികള്‍ക്കു സമീപം നില്‍ക്കുന്നത് പാലത്തിനടിയില്‍ പുഴക്കരയിലെ വീട്ടിലെ യുവാവ് കണ്ടു. ഇയാള്‍ ഉച്ചത്തില്‍ ശകാരിച്ചതോടെ ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും വിദ്യാര്‍ഥി വീണ്ടും കൈവരികളിലേക്കു പിടിച്ച് കയറുകയായിരുന്നു. ഇതു കണ്ട പാലത്തിനു സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പിടിക്കാന്‍ ഓടിയെത്തുമ്പോഴേയ്ക്കും പുഴയിലേക്ക് എടുത്തുചാടി.

ഈ വഴി സ്‌കൂട്ടറില്‍ പോകുകയായിരുന്ന മൂര്‍ക്കനാട് സ്വദേശി അജയന്‍ സ്‌കൂട്ടര്‍ നിര്‍ത്തി പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തെടാനേ കഴിഞ്ഞുള്ളൂ. താഴെ പോയി വഞ്ചിയെടുത്ത് പുഴയിലേക്ക് ഇറങ്ങിയെങ്കിലും വിദ്യാര്‍ഥി മുങ്ങിപ്പോയിരുന്നു.

സൈക്കിളില്‍ ഉണ്ടായിരുന്ന നോട്ട് ബുക്കില്‍ അലന്‍ ക്രിസ്‌റ്റോ എന്ന പേര് എഴുതിയിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പു കണ്ടെത്തിയതായും പോലിസ് അറിയിച്ചു. ഇരിങ്ങാലക്കുട തുറവന്‍കാട് സ്വദേശി ചുങ്കത്ത് ജോസിന്റെ മകനാണ് അലന്‍ ക്രിസ്‌റ്റോ. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. അലനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു.

Tags:    

Similar News