12കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലീഗ് നേതാവിനെതിരേ പോക്‌സൊ കേസ്
കഴിഞ്ഞ ദിവസം കുട്ടിയെ പഠനോപകരണങ്ങള്‍ നല്‍കാനുണ്ടന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് രാവിലെ കുട്ടിയുടെ മാതാവാണ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയത്.
പരപ്പനങ്ങാടി: 12കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മാതാവിന്റെ പരാതിയില്‍ പോക്‌സൊ നിയമപ്രകാരം പോലിസ് കേസെടുത്തു. പരപ്പനങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവും, എസ്ടിയു ജില്ല സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ വകുപ്പും, 341 ഐപിസിയും ചേര്‍ത്ത് കേസെടുത്തത്.
കഴിഞ്ഞ ദിവസം കുട്ടിയെ പഠനോപകരണങ്ങള്‍ നല്‍കാനുണ്ടന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് രാവിലെ കുട്ടിയുടെ മാതാവാണ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി എസ്‌ഐ രാജേന്ദ്രന്‍ നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.
റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയതായി എസ്‌ഐ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു. പരപ്പനങ്ങാടി കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയെ ഹാജരാക്കി മൊഴിയെടുക്കുമെന്നും, സംഭവത്തെ പറ്റി കൂടുതല്‍ അന്യേഷണം നടത്തിയതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ്‌ഐ അറിയിച്ചു.
എന്നാല്‍, സംഭവം വാസ്തവ വിരുദ്ധമാണന്ന് ആരോപണ വിധേയനായ ലീഗ് നേതാവ് ചേക്കാലി റസാഖ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീഡിയൊ ക്ലിപ്പ് അയച്ചുമാണ് റസാഖ് സംഭവം നിഷേധിച്ചത്. തന്റെ സഹോദരന്റ മരണത്തെ തുടര്‍ന്ന് പാവപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയിരുന്നു. ഈ കുട്ടിയടക്കം ലഭിക്കാത്ത ചിലരുള്ളതിനാല്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മറ്റ് കുട്ടികളുടെ പേരെഴുതി കൊടുക്കാനും പറഞ്ഞു. അതിന് ശേഷം അകത്ത് പോയ താന്‍ തിരിച്ച് വന്നപ്പോള്‍ ടേബിളിന് മുകളില്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ കുട്ടിയെ ശകാരിച്ചിരുന്നു. ഇത് മനപ്രയാസം ഉണ്ടാക്കിയതിനെ തുടര്‍ന്നാവാം ഇത്തരം പരാതി ഉയര്‍ത്താന്‍ കാരണം. മാത്രമല്ല ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ തന്റെ രാഷ്ട്രീയ എതിരാളികളും ഇത്തരം പരാതിക്ക് പിന്നിലുണ്ടന്നും റസാഖ് പറഞ്ഞു