പോക്സോ കേസുകളില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി; ഇരകള്‍ക്കുള്ള ആശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം
വിധിന്യായത്തിന്റെ പകര്‍പ്പ് സ്വീകരിച്ച തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. പോക്‌സോ നിയമം സംസ്ഥാനത്ത് ശരിയായി നടപ്പാക്കുന്നതിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം
കൊച്ചി: പോക്സോ കേസുകളില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധി പ്രകാരം നിര്‍ദ്ദേശിച്ച ഇരകള്‍ക്കുള്ള ആശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ സ്ഥാപിതമാകുമ്പോള്‍ ഇരകള്‍ക്ക് മറ്റെവിടെയും പോകേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കി. വിധിന്യായത്തിന്റെ പകര്‍പ്പ് സ്വീകരിച്ച തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. പോക്‌സോ നിയമം സംസ്ഥാനത്ത് ശരിയായി നടപ്പാക്കുന്നതിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം.
സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട ചട്ടം നടപ്പാക്കുന്നതിന് തടസ്സമാകുന്ന വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള കേന്ദ്രമായി നോഡല്‍ ഓഫിസര്‍ പ്രവര്‍ത്തിക്കണം. നിയുക്ത നോഡല്‍ ഓഫീസര്‍, ബാലനീതി നിയമവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം.ഈ കോടതിയുടെ രജിസ്ട്രാര്‍ (സബോര്‍ഡിനേറ്റ് ജുഡീഷ്യറി), സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഓഫീസറുമായും കേരള ജുഡീഷ്യല്‍ അക്കാദമിയുമായും ഏകോപിപ്പിച്ച് ബാല നീതി നിയമപ്രകാരമുള്ള ട്രയിനിങികുകള്‍ പ്രത്യേക കോടതി ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കണം.പോലിസ് സേനയിലെ ശിശുസംരക്ഷണ ഓഫീസര്‍മാരെയും ശിശുക്ഷേമ ഓഫീസര്‍മാരെയും പ്രത്യേക കേഡറായി രൂപീകരിക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. അല്ലെങ്കില്‍ സാധ്യമായ പരിശീലനത്തിന് ശേഷം എല്ലാ പോലിസ് സ്റ്റേഷനുകളിലും ശിശു സംരക്ഷണ ഉദ്യോഗസ്ഥരെയും ശിശുക്ഷേമ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഫോറന്‍സില്‍ ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവ് പോക്‌സോ നിയമപ്രകാരം ഉണ്ടാകുന്ന കേസുകളുടെ അന്വേഷണത്തിനും വിചാരണയ്ക്കും തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബുകളിലെ ഒഴിവുകള്‍ നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളവരെ ആ തസ്തികയിലേക്ക് നിയമിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. പോക്‌സോ നിയമപ്രകാരം ഉണ്ടാകുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ നടത്തുന്ന പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നേരിട്ടോ കേരള ജുഡീഷ്യല്‍ അക്കാദമിയുമായി സഹകരിച്ചോ ശരിയായ പരിശീലനം നല്‍കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറും ഉറപ്പാക്കണം.
ഓരോ ജില്ലകളിലും പോക്സോ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ഓരോ വനിതാ ഓഫിസര്‍മാര്‍ക്ക് ജില്ലാ തലങ്ങളില്‍ മേല്‍ നോട്ടം നല്‍കണം. അങ്ങനെ നിയുക്തമാക്കിയ ഐപിഎസ് ഓഫീസര്‍, പോക്‌സോ നിയമപ്രകാരം ഉണ്ടാകുന്ന കേസുകളുടെ അന്വേഷണം ജുവനൈല്‍ ജസ്റ്റിസ് തത്വങ്ങളില്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ മാത്രമാണ് നടത്തുന്നതെന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഹൈക്കോടതിയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.