തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് പൊലീസ് കേസെടുത്തത് അല്‍പ്പത്തരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. മൈക്ക്, ആംപ്ലിഫയര്‍, കേബിളുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തത് ധിക്കാരമാണ്. വിവാദമായപ്പോള്‍ കേസ് അവസാനിപ്പിച്ച് ഉപകരണങ്ങള്‍ തിരിച്ചുനല്‍കിയെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രവാചക നിന്ദയും മഹാത്മാ അയ്യന്‍കാളിയെ അവഹേളിക്കലും തുടങ്ങി വിദ്വേഷപ്രചരണങ്ങള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തരവകുപ്പില്‍ എന്താണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെങ്കില്‍ അത് തുറന്നു പറയാന്‍ പിണറായി വിജയന്‍ തയ്യാറാകണം.
കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തിന്റെ ചെലവിലേക്കായി കോഴിക്കോട് സിറ്റിയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടേയും ശമ്പളത്തില്‍ നിന്നും മാസം തോറും സംഭാവന റിക്കവറി നടത്തണമെന്ന കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വിവാദമായപ്പോള്‍ പിന്‍വലിച്ചിരുന്നു. വിവാദമാകുമ്പോള്‍ പിന്‍വലിക്കുകയും വിവാദമാകാതിരുന്നാല്‍ നടപ്പിലാക്കുകയും ചെയ്യുന്ന രസതന്ത്രമാണ് പിണറായിയുടെതെന്നും അദ്ദേഹം പറഞ്ഞു.