ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി മടങ്ങിയ യുവാവിന് പോലിസിന്റെ ക്രൂരമര്‍ദനം
പുറത്തും നടുവിനും കൈകാലുകളിലുമായി 28ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
പുൽപള്ളി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള താമസ സൗകര്യമൊരുക്കി, വീട്ടിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ഹോം മാനേജര്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദനം. വയനാട് ലക്സിന്‍ ടൂറിസ്റ്റ് ഹോം മാനേജര്‍ പാളക്കൊല്ലി ഉദയക്കര രഞ്ജിത്ത് ദാസിനാണ് മര്‍ദനമേറ്റത്. ശരീരമാസകലം ലാത്തിയടിയേറ്റ രഞ്ജിത്തിന് എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്ത അവസ്ഥയാണ്.
പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയ രഞ്ജിത്തിനെ, നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിശദപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുറത്തും നടുവിനും കൈകാലുകളിലുമായി 28ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് 5.15ഓടെ പുൽപള്ളി ട്രാഫിക് ജങ്ഷനിലാണ് രഞ്ജിത്തിന് മര്‍ദനമേറ്റത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടൂറിസ്റ്റ് ഹോമില്‍ താമസത്തിനുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറച്ചശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ട്രാഫിക് ജങ്ഷനില്‍ പോലിസ് തടഞ്ഞത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ജോലിചെയ്യുന്ന ടൂറിസ്റ്റ് ഹോം വിട്ടുകൊടുത്തിട്ടുണ്ടെന്നും ഇവിടത്തെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് പോവുകയാണെന്നും പോലിസുകാരോട് പറഞ്ഞു. തുടര്‍ന്ന് തന്റെ ഫോണില്‍ ടൂറിസ്റ്റ് ഹോം ഉടമയെ വിളിച്ച് പോലിസുകാര്‍ക്ക് നല്‍കാനൊരുങ്ങുമ്പോഴാണ്, ഒരു പോലീസുകാരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചത്. ഇതിനുപിന്നാലെ മറ്റു പോലിസുകാരും ക്രൂരമായി മര്‍ദിച്ചതായി അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ച്ച് ആദ്യവാരം അടച്ചിട്ട ടൂറിസ്റ്റ് ഹോം പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും ആവശ്യപ്പെട്ടത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ തുറന്നുകൊടുത്തതെന്നും ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ വീട്ടിലായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തിയതാണെന്നും സ്ഥാപന ഉടമ ഷിജു വിന്‍സെന്റ് പറഞ്ഞു.