വിദേശരാജ്യങ്ങളിലെ ജോലിക്കായുള്ള പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി പാസ്‌പോര്‍ട്ട് ഓഫിസ് വഴിയും
മലപ്പുറം: വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ വഴിയും ലഭ്യമാവും. കേരളാ പോലിസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പോലിസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
അപേക്ഷകളില്‍ കാലതാമസമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡിഐജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്നും അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കിയിട്ടുണ്ട്.