വെടിവയ്പും കരുതല്‍ തടവും ഇനി പോലിസ് തീരുമാനിക്കും

റാങ്കിലുള്ള കമ്മീഷണര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ലഭിക്കും. ക്രമസമാധാന പ്രശ്‌നം നേരിടാനായി വെടിവെപ്പിന് ഉത്തരവിടുക, ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുക, തോക്ക് അടക്കമുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക തുടങ്ങിയവയാണ് കലക്ടറില്‍ നിന്നെടുത്ത് കമ്മീഷണര്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍.

Update: 2019-06-08 06:39 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും പോലിസ് കമ്മീഷണറേറ്റ് രൂപീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി. ഇതനുസരിച്ചുള്ള ഘടനാമാറ്റ പ്രകാരം പോലിസ് സേനയെ ആകെ അഴിച്ചുപണിയുകയും ചെയ്തു. കമ്മീഷണറേറ്റ് സംവിധാനപ്രകാരം ഐജി റാങ്കിലുള്ള കമ്മീഷണര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ലഭിക്കും. ക്രമസമാധാന പ്രശ്‌നം നേരിടാനായി വെടിവെപ്പിന് ഉത്തരവിടുക, ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുക, തോക്ക് അടക്കമുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക തുടങ്ങിയവയാണ് കലക്ടറില്‍ നിന്നെടുത്ത് കമ്മീഷണര്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ കമ്മീഷണറേറ്റ് രൂപീകരണത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മൂലം നടപ്പായിരുന്നില്ല. ഇത്തവണയും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ നിയമ സാങ്കേതിക തടസങ്ങളെയെല്ലാം മറികടന്നാണ് മുഖ്യമന്ത്രി കമ്മീഷണറേറ്റ് രൂപീകരിച്ച് ഉത്തരവിട്ടത്.

നിലവിലുണ്ടായിരുന്ന എഡിജിപിമാരുടെ സ്ഥാനത്ത് ഐജിമാരേയും ഐജിമാരുടെ സ്ഥാനത്ത് ഡിഐജിമാരേയുമാണ് നിയോഗിക്കുന്നത്. ഇനി മുതല്‍ സംസ്ഥാന പോലിസ് മേധാവിക്ക് കീഴിലെ ഒരു എഡിജിപിക്കായിരിക്കും ക്രമസമാധാന ചുമതല ഡിജിപിക്ക് കീഴില്‍ വടക്ക്-തെക്ക് മേഖലയിലെ രണ്ട് ഐജിമാരും ഇവര്‍ക്ക് താഴെ നാല് റേഞ്ച് ഡിഐജി മാരുമാണുണ്ടാവുക. കമ്മിഷണറേറ്റ് നിലവില്‍ വരുന്നതോടെ ക്രമസമാധാനപാലനം ഉള്‍പ്പെടെ കലക്ടറുടെ പല അധികാരങ്ങളും ഐപിഎസുകാരിലേക്കുമെത്തുകയാണ്.

കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി ലഭിക്കുന്നതോടെ ഗുണ്ടാ ആക്ട് അനുസരിച്ച് കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനടക്കം ഇനി കലക്ടര്‍മാരുടെ അനുമതി ആവശ്യമില്ല. തിരുവനന്തപുരത്ത് ഐജി ദിനേന്ദ്ര കശ്യപും കൊച്ചിയില്‍ ഐജി വിജയ് സാഖറെയും കമ്മിഷണര്‍മാരാകും. കലക്ടര്‍മാരുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കമ്മിഷണര്‍മാര്‍ക്ക് കൈമാറി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍മാരായി നിയമിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നടത്തിയ നീക്കം ഐഎഎസ് അസോസിയേഷന്റെ എതിര്‍പ്പുമൂലം മാറ്റി വയ്ക്കുകയായിരുന്നു. പുതിയ തീരുമാനം സംസ്ഥാനത്ത് പോലിസ് രാജിന് വഴി വയ്ക്കുമോയെന്ന ആശങ്ക ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്.

പുതിയ നിയമന പ്രകാരം ഷെയ്ക്ക് ദര്‍വേഷ് സാഹിബാകും ക്രമസമാധാന ചുമതലയുള്ള എഡിജിപി. മനോജ് എബ്രഹാം പോലിസ് ആസ്ഥാനത്ത് എഡിജിപിയാകും. ഋഷിരാജ് സിങ് ജയില്‍ ഡിജിപിയാകും. എസ് ആനന്ദകൃഷ്ണന്‍ പുതിയ എക്സൈസ് കമ്മീഷണറാകും. ആര്‍ ശ്രീലേഖയെ ട്രാഫിക് എഡിജിപിയായും ബി സന്ധ്യയെ കേരളാ പോലിസ് അക്കാദമി ട്രെയിനിങ് എഡിജിപിയായും ടോമിന്‍ ജെ തച്ചങ്കരിയെ ബറ്റാലിയന്‍ ഡിജിപിയായും എഡിജിപി പത്മകുമാറിനെ കോസ്റ്റല്‍ പോലിസിലേക്കും നിയോഗിച്ചിട്ടുണ്ട്.

ഐജിമാരായി എം ആര്‍ അജിത്കുമാറിനേയും(ദക്ഷിണമേഖല) അശോക് യാദവിനേയും (ഉത്തരമേഖല) നിയമിക്കും. നിലവില്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണറായിരുന്ന സഞ്ജയ്കുമാര്‍ ഗുരുദീന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിയാകും. കാളിരാജ് മഹേഷ്‌കുമാര്‍ (കൊച്ചി), എസ് സുരേന്ദ്രന്‍ (തൃശൂര്‍), കെ സേതുരാമന്‍ (കണ്ണൂര്‍), ഡിഐജിമാരാകും. ഐജി ജി ലക്ഷ്മണനെ എസ്.സിആര്‍ബി ഐജിയായും ഡിഐജി അനൂപ് കുരുവിളയെ ട്രെയിനിങ് ഡിഐജിയായും എ അക്ബറിനെ ഡിഐജി സെക്യൂരിറ്റിയായും നിയമിച്ചു. തൃശൂര്‍ റേഞ്ച് ഐജി ബെല്‍റാംകുമാര്‍ ഉപാധ്യായയെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയായും ബറ്റാലിയന്‍ ഐജി ഇ ജെ ജയരാജിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു.

മറ്റ് നിയമനങ്ങള്‍ മെര്‍ലിന്‍ ജോസഫ്(കൊല്ലം സിറ്റി പോലിസ് കമ്മിഷണര്‍), കെ ജി സൈമണ്‍ (കോഴിക്കോട് റൂറല്‍ എസ്പി), രാഹുല്‍ ആര്‍ നായര്‍(എഐജി പോലിസ് ആസ്ഥാനം), വി കെ മധു (തൃശൂര്‍ സിറ്റി കമ്മിഷണര്‍), യതീഷ് ചന്ദ്ര (എസ്പി ഹെഡ് ക്വാര്‍ട്ടേഴ്സ് സൈബര്‍ കേസുകളുടെ ചുമതല), എസ്പിമാര്‍: പ്രതീഷ് കുമാര്‍ (കണ്ണൂര്‍), ശിവവിക്രം (പാലക്കാട് ), ടി നാരായണന്‍ (മലപ്പുറം), ശിവകാര്‍ത്തിക് (എറണാകുളം റൂറല്‍), പി എ സാബു (കോട്ടയം), ഹരിശങ്കര്‍ (കൊല്ലം റൂറല്‍), മഞ്ചുനാഥ് (വയനാട്), പൂങ്കുഴലി (ഡിസിപി ലോ ആന്‍ഡ് ഓര്‍ഡര്‍ കൊച്ചി സിറ്റി), ഹിമേന്ദ്രനാഥ് (എസ്പി വിജിലന്‍സ് തിരുവനന്തപുരം), സാം ക്രിസ്റ്റി ഡാനിയേല്‍ (അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍).

Tags:    

Similar News