എഞ്ചിനീയറിങ് പ്രവേശന പരീക്ഷ; കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്.
തിരുവനന്തപുരം: തലസ്ഥാനത്തെ കീം പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയ 600ഓളം രക്ഷിതാക്കൾക്കെതിരെ പോലിസ് കേസെടുത്തു. നഗരത്തിലെ കോട്ടൺഹിൽ സ്കൂൾ, പട്ടം സെൻ്റ് മേരീസ് സ്കൂൾ എന്നീ പരീക്ഷ കേന്ദ്രകൾക്ക് മുന്നിൽ ഉണ്ടായിരുന്ന രക്ഷിതാക്കൾക്കെതിരെയാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്.
ജില്ലയിൽ പരീക്ഷ എഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് നടപടി. പട്ടം സെൻ്റ് മേരീസ് സ്കൂളിന് മുന്നിൽ പരീക്ഷ ദിവസം നൂറുകണക്കിന് പേരാണ് കൂട്ടം കൂടിയത്. ഇത് വിവാദമാവുകയും ചെയ്തിരുന്നു.