പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ല; ഡിജിപി ഗുരുതര സാമ്പത്തിക തിരിമറി നടത്തി: സിഎജി റിപോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
25 റൈഫിളുകള്‍ ഉള്‍പ്പടെയാണ് ആഭ്യന്തരവകുപ്പില്‍നിന്നും കാണാതായിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. പോലിസിന്റെ കൈവശമുള്ള വെടികോപ്പുകളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം എസ്എപിയില്‍ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിക്കെതിരേയും പോലിസ് സേനയ്‌ക്കെതിരേയും ഗുരുതരമായ കുറ്റപ്പെടുത്തലുകളുമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപോര്‍ട്ട്. പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കി. 25 5.56 എംഎം ഇന്‍സാസ് റൈഫിളുകള്‍ ഉള്‍പ്പടെയാണ് ആഭ്യന്തരവകുപ്പില്‍നിന്നും കാണാതായിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. പോലിസിന്റെ കൈവശമുള്ള വെടികോപ്പുകളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം എസ്എപിയില്‍ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. സ്‌പെഷ്യല്‍ ആംഡ് പോലിസ് ബറ്റാലിയന്‍ ബെല്‍ ഓഫ് ആംസില്‍ അസിസ്റ്റ്ന്റ് കമാന്‍ഡന്റുമായി ചേര്‍ന്ന് നടത്തിയ സംയുക്തപരിശോധയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കാണാതായ റൈഫിളുകള്‍ എആര്‍ ക്യാംപിന് കൊടുത്തതായാണ് ഓഡിറ്റിനെ അറിയിച്ചത്.
അതേസമയം, 25 റൈഫിളുകള്‍ എആര്‍ ക്യാംപ് കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് തിരുവനന്തപുരം എആര്‍ ക്യാംപില്‍ നടത്തിയ ഓഡിറ്റില്‍നിന്ന് വെളിപ്പെട്ടത്. ഇതോടെ ഡിഐജി (ആംഡ് പോലിസ് ബറ്റാലിയന്‍) നല്‍കിയ വിശദീകരണം ശരിയല്ലെന്ന് വ്യക്തമായിയിരിക്കുകയാണെന്ന് സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ പോലിസ് അക്കാദമിയില്‍നിന്നും 9 എംഎം ന്റെ 250 വെടിയുണ്ടകള്‍ നഷ്ടമായിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പകരം വ്യാജവെടിയുണ്ടകള്‍ വച്ചിട്ടുണ്ടെന്നും എല്ലാ പോലിസ് സ്‌റ്റേഷനിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരില്‍ വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരുത്തിയെന്നും സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്. സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ക്കായുള്ള 7.62 എം എം ന്റെ 80 വെടിയുണ്ടകള്‍ നേരത്തെ കുറവുവന്ന വിവരം മൂടിവയ്ക്കാനുള്ള അന്വേഷണ ബോര്‍ഡിന്റെ ശ്രമവും ഓഡിറ്റിലൂടെ പുറത്തായി.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു. അതേസമയം, തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജിയുടെ റിപോര്‍ട്ടില്‍ വിശദീകരണവുമായി എആര്‍ ക്യാംപിലെ കമാന്‍ഡന്റ് രംഗത്തെത്തി. എസ്എപി ക്യാംപില്‍നിന്ന് റൈഫിളുകള്‍ നഷ്ടമായിട്ടില്ലെന്നാണ് കമാന്‍ഡന്റിന്റെ വിശദീകരണം. റൈഫിളുകള്‍ എആര്‍ ക്യാംപില്‍ പരിശീലനത്തിന് നല്‍കിയിരിക്കുകയാണ്. വെടിയുണ്ടകള്‍ നഷ്ടമായതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇതുസംബന്ധിച്ച് സിഎജിക്ക് വിശദീകരണം നല്‍കിയിരുന്നുവെന്നും പോലിസ് വ്യക്തമാക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്നും സിഎജി വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചെലവഴിച്ചു.
പോലിസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള തുക വകമാറ്റി എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും ആഡംബര ഫഌറ്റുകള്‍ നിര്‍മിക്കാന്‍ നല്‍കിയെന്ന ഗുരുതരകണ്ടെത്തലാണ് സിഎജി റിപോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഡംബര ഫഌറ്റുകള്‍ പണിയാന്‍ 2.81 കോടി രൂപയാണ് ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയത്. ഇതിന് പുറമെ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പോലിസ് വാങ്ങിയ 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം ഓപറേഷന്‍ യൂനിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടെയും ഉപയോഗത്തിനായി വിന്യസിക്കപ്പെട്ട ആഡംബരകാറുകളായിരുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപോര്‍ട്ട് പറയുന്നു.
ബുളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയപ്പോഴും മാര്‍ഗനിര്‍ദേശവും നടപടിക്രമവും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തല്‍. സംസ്ഥാനം സന്ദര്‍ശിക്കുന്ന വിഐപികള്‍, വിവിഐപികള്‍, ഇസഡ് പ്ലസ് വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരുടെ സുരക്ഷയ്ക്കായി ചട്ടവിരുദ്ധമായി 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങി. ഉപകരണങ്ങള്‍ സംഭരിക്കുന്നതില്‍ പോലിസ് വകുപ്പ് സ്റ്റോര്‍ പര്‍ച്ചേസ് മാനുവലും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനുവലും ലംഘിച്ചു. വില നിശ്ചയിക്കുന്നതില്‍ പോലിസ് വകുപ്പിലെ ഉദ്യോഗസ്ഥരും വില്‍പനക്കാരും കെല്‍ട്രോണും തമ്മില്‍ വ്യക്തമായ സന്ധിയുണ്ടായി. ഇതുമൂലം പദ്ധതിക്ക് സാമ്പത്തികനഷ്ടമുണ്ടായെന്നും ഓഡിറ്റ് വ്യക്തമാക്കി. റവന്യൂ വകുപ്പിനെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.