പോസ്റ്റല്‍ വോട്ട്: നടപടിക്രമങ്ങള്‍ സമ്പൂര്‍ണമായി റെക്കോഡ് ചെയ്യണം-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച് അനേകം അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ ഇതു സംബന്ധമായി നടക്കുന്ന നടപടിക്രമങ്ങള്‍ സമ്പൂര്‍ണമായി റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രത്യേക പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച വോട്ടര്‍മാര്‍ക്ക് പോളിങ് ഓഫിസര്‍മാര്‍ ക്വാറന്റൈന്‍ സ്ഥലത്തെത്തി ബാലറ്റ് കൈമാറുന്ന രീതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ സ്ഥാനാര്‍ത്ഥിയുടേയോ പ്രതിനിധിയുടേയോ സാന്നിധ്യം ഉണ്ടാവാനുള്ള അവസരം കമ്മീഷന്‍ ഉറപ്പാക്കണം.
പോസ്റ്റല്‍ ബാലറ്റ് കൈമാറുന്നതും വോട്ട് ചെയ്ത് സീല്‍ ചെയ്ത കവറുകള്‍ തിരികെ ഏല്‍പ്പിക്കുന്നതുമായ നടപടിക്രമങ്ങള്‍ സമ്പൂര്‍ണമായി റെക്കോഡ് ചെയ്യുന്നത് പോസ്റ്റല്‍ വോട്ട് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിലെ സുതാര്യതയ്ക്കും രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പിക്കാനും ഇത് സംബന്ധമായ വ്യക്തമായ മാര്‍ഗനിര്‍ദേശം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി.