മഴക്കാലപൂര്‍വ ശുചീകരണം പഞ്ചായത്തുതലം മുതല്‍ ഉടനാരംഭിക്കാന്‍ നിര്‍ദേശം
കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്തണം. എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാന്‍ നടപടിവേണം. വേനല്‍ക്കാലത്ത് വരള്‍ച്ച നേരിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മഴവെള്ള സംഭരണത്തിന് നല്ലരീതിയിലുള്ള ഒരുക്കങ്ങള്‍ വേണം.
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനായി മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതല്‍ ഉടന്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാവണം. കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്തണം. എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാന്‍ നടപടിവേണം. വേനല്‍ക്കാലത്ത് വരള്‍ച്ച നേരിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മഴവെള്ള സംഭരണത്തിന് നല്ലരീതിയിലുള്ള ഒരുക്കങ്ങള്‍ വേണം. കുളങ്ങളിലേക്കുള്ള ചാലുകള്‍ ഒഴുക്കിന് സഹായകമാവണം. കനാലുകളിലൂടെ ലഭിക്കുന്നത് നല്ല വെള്ളമായിരിക്കണം. ജല ദുരുപയോഗം തടയാന്‍ ബോധവല്‍കരണം വേണം. പാഴ്ജലം മറ്റാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞവര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയുള്‍പ്പടെ കാര്യമായി കുറച്ചുകൊണ്ടുവരാനായതായി യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 2017ല്‍ ഡെങ്കിപ്പനി മൂലം 165 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2018ല്‍ 32 മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്. നവകേരള കര്‍മപദ്ധതിയുടെ ഘടകങ്ങളുമായി പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ വേണമെന്ന് യോഗം നിര്‍ദേശിച്ചു. ജാഗ്രതാ ക്യാംപയിന് സംസ്ഥാനതലത്തിലുള്ള മേല്‍നോട്ടത്തിന് പുറമേ മന്ത്രിമാര്‍ക്ക് ജില്ലാതല ചുമതലയും നല്‍കും.