മാസ്‌കുകള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെ ശക്തമായ നടപടി: ആരോഗ്യമന്ത്രി
ഔഷധവ്യാപാരരംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.
തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഡ്രഗ്‌സ് കണ്‍ട്രോര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌കുകള്‍ക്കും സാനിറ്ററൈസറുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതായുള്ള വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഔഷധവ്യാപാരരംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍, സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയില്‍ വിപണനം നടത്തുന്നതിന് കര്‍ശനനിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.