ഫെബ്രുവരിയോടെ മൃഗങ്ങളെ മാറ്റും; ആദ്യഘട്ട ഉദ്ഘാടനത്തിനൊരുങ്ങി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്

360 കോടി രൂപയുടെ ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുണ്ട്.

Update: 2021-01-01 10:49 GMT

തൃശൂര്‍: വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.

2021 ഫെബ്രുവരിയോടെ മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിപാര്‍പ്പിച്ച് ആദ്യഘട്ട ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് സന്ദര്‍ശന ശേഷം മന്ത്രി പറഞ്ഞു. മന്ത്രിയ്‌ക്കൊപ്പം ചീഫ് വിപ്പ് കെ.രാജന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

പുത്തൂരില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുന്ന മൃഗങ്ങള്‍ക്കുള്ള നാല് വാസസ്ഥലങ്ങള്‍, വാഹന പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍, പാര്‍ക്കിനകത്ത് സജ്ജമാക്കുന്ന മൃഗാശുപത്രി, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പക്ഷികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ആവാസ വ്യവസ്ഥ തുടങ്ങിയവയുടെ നിര്‍മ്മാണം മന്ത്രി വിലയിരുത്തി.

338 ഏക്കര്‍ വനഭൂമിയില്‍

വന്യജീവികള്‍ക്കായി 23 വാസസ്ഥലങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും സൂ ഹോസ്പിറ്റല്‍ സമുച്ചയവും ഉള്‍പ്പെടുന്നതാണ് പുത്തൂരിലെ സൂവോളജിക്കല്‍ പാര്‍ക്ക്.

ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്.

360 കോടി രൂപയുടെ ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുണ്ട്.

ഒന്നാംഘട്ട നിര്‍മാണങ്ങളുടെ ഭാഗമായ പക്ഷികൂട്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങുകള്‍, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ കൂടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രണ്ടും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിര്‍മ്മാണവും പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 8 കൂടുകളുടെയും അറൈവല്‍ ആന്റ് പാര്‍ക്കിംഗ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍, കോമണ്‍ സര്‍വീസ് ആന്റ് ട്രാം റോഡ് എന്നിവയുടെ നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂരിലെ മൃഗശാല പുത്തൂര്‍ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്തതാണ്.

Tags:    

Similar News