രഞ്ജിത്ത് കൊലപാതകം: സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയ എസ്ഡിപിഐ കൗണ്‍സിലറെ കസ്റ്റഡിയിലെടുത്ത് പോലിസ്
ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നവാസ്.
ആലപ്പുഴ: സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയ എസ്ഡിപിഐ കൗണ്‍സിലറെ കസ്റ്റഡിയിലെടുത്ത് പോലിസ്. ആർഎസ്എസ് നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധത്തിന്റെ പേരിലാണ് എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൗണ്‍സിലറായ നവാസ് നൈനയെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നവാസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ മുല്ലാത്ത് വാര്‍ഡ് എസ്ഡിപിഐ കൗണ്‍സിലര്‍ സലിം മുല്ലാത്തിനെയും കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെകൂടി ഇന്ന് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന രണ്ട് ബൈക്ക് ഇന്ന് പോലിസ് കണ്ടെത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്.
അതേസമയം, ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ യോഗത്തിനെത്തി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ബിജെപി ജില്ലാ സെക്രട്ടറി എം വി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്ഡിപിഐ, ബിജെപി പ്രതിനിധികളും യോഗത്തിന് എത്തിയിട്ടുണ്ട്.