അർഹരായവർക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ്; സർക്കാർ ഉത്തരവിറങ്ങി
രേഖകളുടെ ആധികാരികത സംബന്ധിച്ച പൂർണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികൾക്ക് വിധേയമാവുമെന്ന സത്യവാങ്മൂലം അപേക്ഷകരിൽ നിന്ന് വാങ്ങണം.
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്ത അർഹരായ കുടുബങ്ങൾക്ക് പുതിയ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അർഹരായ പല കുടുംബങ്ങൾക്കും റേഷൻ കാർഡില്ലാത്തതിനാൽ കൊവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അർഹരായ കുടുംബങ്ങൾക്ക് അപേക്ഷിച്ചാൽ 24 മണിക്കൂറിനുളളിൽ റേഷൻ കാർഡ് വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കും. റേഷൻ കാർഡിനായി ഹാജരാക്കുന്ന രേഖകളുടെ അധികാരികത പരിശോധിക്കാൻ നിലവിലുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടാണെങ്കിൽ താൽക്കാലിക റേഷൻ കാർഡ് അനുവദിക്കണം. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂർണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികൾക്ക് വിധേയമാവുമെന്ന സത്യവാങ്മൂലം അപേക്ഷകരിൽ നിന്ന് വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.