റീബില്‍ഡ് കേരള : കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് 12 കോടിയുടെ പദ്ധതിക്ക് അംഗീകാരം
കാര്‍ഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓണ്‍ലൈന്‍ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.
തിരുവനന്തപുരം: കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാര്‍ട് സംവിധാനം ഒരുക്കുക, വകുപ്പിന്‍റെ കീഴിലുള്ള ഓഫീസ് ഫയലുകള്‍ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.
ഗുണമേന്‍മയുള്ള വിത്തുകള്‍ ഉറപ്പാക്കുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍, റഗുലേഷന്‍ സംവിധാനം, കീടനാശിനി നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കല്‍, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കുന്നതിനും ഗുണമേന്‍മ പരിശോധിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും.
കാര്‍ഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓണ്‍ലൈന്‍ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.