വളര്‍ത്ത് മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍: ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസിറക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു

Update: 2021-08-06 14:18 GMT

കൊച്ചി: വീടുകളില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവില്‍ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തു നായയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്നു നടപ്പാക്കണമെന്നാണ് കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.

മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസിറക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ ലൈസന്‍സിനു ഫീസ് നിര്‍ണയിക്കാവുന്നതാണെന്നും കോടതി മുന്‍പു പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ സ്വമേധയാ എടുത്ത മറ്റൊരു ഹരജിയിലാണ് തൃക്കാക്കര നഗരസഭയ്ക്ക് നിര്‍ദ്ദേശം ല്‍കിയത്.തെരുവില്‍ അലഞ്ഞു തിരിയുന്ന നായകള്‍ക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാല്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയിക്കണമെന്നു തൃക്കാക്കര നഗരസഭയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹരജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News