കോട്ടയത്തിന് ആശ്വാസം; 123 ഫലങ്ങള്‍ കൂടി നെഗറ്റീവ്, കൊവിഡ് സംശയിച്ചയാള്‍ ആശുപത്രി വിട്ടു
216 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് 110 സാംപിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോട്ടയം: ഒരിടവേളയ്ക്കുശേഷം അപ്രതീക്ഷിതമായി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത കോട്ടയം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനമായിരുന്നു. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 123 പേരുടെ സാംപിള്‍ ഫലങ്ങള്‍കൂടി ഇന്ന് നെഗറ്റീവായതോടെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുദിവസമായി കൂടുതല്‍ പേരുടെ ഫലങ്ങളാണ് നെഗറ്റീവായത്. വ്യാഴാഴ്ച 209 പേരുടെ ഫലങ്ങളാണ് നെഗറ്റീവായിരുന്നതെങ്കില്‍ വെള്ളിയാഴ്ച 194 പേരുടെ ഫലങ്ങളും നെഗറ്റീവായി.
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. അതിനിടെ, കൊവിഡ് വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനകളില്‍ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇന്ന് വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തിലുള്ളത് 17 പേര്‍ മാത്രമാണ്. ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേരാണ് ഇന്ന് രോഗവിമുക്തരായത്. പുതിയ കൊവിഡ് കേസുകളും കോട്ടയത്ത് റിപോര്‍ട്ട് ചെയ്തിട്ടില്ല.
വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 81 പേര്‍ക്ക് ഇന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ആകെ 1,665 പേരാണ് ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നുവരെ സാംപിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 1,579 പേരെന്നാണ് ഔദ്യോഗിക കണക്ക്. 216 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് 110 സാംപിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.