പാര്‍ട്ടി നേതാക്കള്‍ സ്ഥാനമാനങ്ങൾക്ക് പിറകേ ഓടുന്നു; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

രണ്ടും മൂന്നും വട്ടം നിയമസഭയിലെത്തിയവര്‍ എംപിയാകുന്നു. എംഎല്‍എ സ്ഥാനം ലഭിച്ചവര്‍ തന്നെ ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി ശ്രമിക്കുന്നു.

Update: 2022-01-12 13:22 GMT

കോഴിക്കോട്: പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി മോഹം കൂടുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇന്നലെ നടന്ന പൊതുചര്‍ച്ചയിലാണ് ചില പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചത്. രണ്ടു ദിവസങ്ങളിലായി അഞ്ചരമണിക്കൂറോളം നീണ്ട പൊതുചര്‍ച്ച ഇന്നലെയാണ് പൂര്‍ത്തിയാക്കിയത്. പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ശേഷം ജില്ലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി മോഹനന്‍ മറുപടി പറഞ്ഞു. പൊതുവിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി നല്‍കി.

രണ്ടും മൂന്നും വട്ടം നിയമസഭയിലെത്തിയവര്‍ എംപിയാകുന്നു. എംഎല്‍എ സ്ഥാനം ലഭിച്ചവര്‍ തന്നെ ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി ശ്രമിക്കുന്നു. ഇതെല്ലാം കാണിക്കുന്നത് നേതാക്കള്‍ക്കു പാര്‍ലമെൻ്ററി മോഹം കൂടിവരുന്നു എന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയില്‍ നടന്ന പ്രതിഷേധ പ്രകടനവും ഇതിന്റെയൊക്കെ ഭാഗമാണെന്നും വിമര്‍ശനമുയര്‍ന്നു.

കെ റെയില്‍ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും പ്രതിനിധികള്‍ പദ്ധതിയെ വിമര്‍ശിച്ചു. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതില്‍ തന്നെ പലതരം പ്രശ്‌നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Similar News