പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍: രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി
ആര് എന്ത് പറഞ്ഞാലും കേരളം നന്നാവില്ല.സംസ്ഥാനത്തുടനീളം ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നത് നിയമവ്യവസ്ഥയുടെ തകര്‍ച്ചയാണെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആര് എന്ത് പറഞ്ഞാലും കേരളം നന്നാവില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം
കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയിരുന്നതായും അവിടെ നിറയെ കൊടിമരങ്ങള്‍ ആയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബഹുഭൂരിപക്ഷവും ചുവന്ന കൊടിമരം ആയിരുന്നു. സംസ്ഥാനത്തുടനീളം ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നത് നിയമവ്യവസ്ഥയുടെ തകര്‍ച്ചയാണെന്നും കോടതി വ്യക്തമാക്കി.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍ സ്വന്തം വസ്തുവില്‍ സ്ഥാപിച്ചതുപോലെയാണുള്ളതെന്നും കോടതി പരാമര്‍ശിച്ചു. കോടതി ഉത്തരവിനുശേഷം സ്ഥാപിച്ച കൊടിമരങ്ങളുടെയും നീക്കം ചെയ്തവയുടെയും വിശദാംശങ്ങള്‍ ബോധിപ്പിക്കണമെന്നു കോടതി മുന്‍പു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. അനധികൃത കൊടിമരം സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.