പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്യാസിക്കു നേരെ ആര്‍എസ്എസ് കൈയേറ്റം
ആര്‍എസ്എസ് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി കൈയേറിയ കയ്യേരി മുഞ്ചിറ മഠം ഉള്‍പ്പെടുന്ന കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ചലി സ്വാമിയാര്‍ ഏഴ് ദിവസമായി സമരത്തിലായിരുന്നു.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സന്യാസിയായ പുഷ്പാഞ്ചലി സ്വാമിയാര്‍ക്കു നേരെ ആര്‍എസ്എസ് കൈയേറ്റം. ആര്‍എസ്എസ് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി കൈയേറിയ കയ്യേരി മുഞ്ചിറ മഠം ഉള്‍പ്പെടുന്ന കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ചലി സ്വാമിയാര്‍ ഏഴ് ദിവസമായി സമരത്തിലായിരുന്നു. രാത്രിയോടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെന്നും പൂജാസാധനങ്ങളടക്കം എടുത്തുകൊണ്ടുപോയെന്നും സ്വാമിയാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സ്വാമിയാരെ പൊലിസ് സുരക്ഷയോടെ കിഴക്കേ മഠത്തിലേക്ക് മാറ്റി. ക്ഷേത്ര നടയില്‍ സമരം തുടരുമെന്ന് സ്വാമിയാര്‍ അറിയിച്ചു.
ഈ മാസം എട്ട് മുതലാണ് സേവാഭാരതി കൈയേറി സ്ഥാപിച്ച ബാലസദനത്തിനു മുന്നില്‍ മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വിട്ടുനല്‍കണം എന്നതാണ് ആവശ്യം.
അതേ സമയം, സമരത്തിന് പിന്നില്‍ സിപിഎം ആണെന്നും പ്രതിഷേധം ഭക്തരുടെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും സേവാഭാരതി നേതാക്കള്‍ പറഞ്ഞു.