ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ദോഷംചെയ്‌തെന്ന് ബാലകൃഷ്ണപിള്ള

ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു കാര്യമായി ദോഷംചെയ്‌തെന്ന് ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ല.

Update: 2019-05-25 05:38 GMT

കൊല്ലം: സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു കാര്യമായി ദോഷംചെയ്‌തെന്ന് ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതരമതസ്ഥരെയും ഇത് സ്വാധീനിച്ചെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാവില്ല. സര്‍ക്കാര്‍ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സിന്റെ നിലപാടുകളെ പൂര്‍ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണനിലപാടായിരുന്നു എന്‍എസ്എസ്സിന്റേത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്. എന്‍എസ്എസ്സിന്റെ വോട്ടുകള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫ് മുന്നണിയിലെടുത്തത്. എന്നാല്‍, ശബരിമല വിഷയത്തില്‍ സര്‍ക്കാരും എന്‍എസ്എസ്സും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണുണ്ടായത്. സര്‍ക്കാരിനൊപ്പം നിന്ന ബാലകൃഷ്ണപിള്ളയ്‌ക്കെതിരേയും എന്‍എസ്എസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

Tags:    

Similar News