ആയിരം കോടി കടമെടുത്തു, ഇന്ന് മുതല്‍ സംസ്ഥാനത്ത് ശമ്പളവിതരണം
ആറ് ദിവസത്തെ ശമ്പളം പിടിച്ച ശേഷമുള്ള ശമ്പളമാണ് നല്‍കുക.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ആറ് ദിവസത്തെ ശമ്പളം പിടിച്ച ശേഷമുള്ള ശമ്പളമാണ് നല്‍കുക. കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആയിരം കോടി രൂപ കൂടി കടം എടുത്താണ് ഇത്തവണ ശമ്പളം നല്‍കുന്നത്. ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.
കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അഞ്ച് മാസങ്ങളിലായി ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഉത്തരവിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും ഘട്ടത്തില്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കുകയായിരുന്നു. പിടിക്കുന്ന ശമ്പളം ആറ് മാസത്തിന് ശേഷം തിരിച്ചുനല്‍കും. സര്‍വീസ് പെന്‍ഷന്‍ വിതരണവും ഇന്ന് തുടങ്ങും. തിരക്ക് ഒഴിവാക്കാന്‍ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തിലാണ് വിതരണം.