പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസ്: ജയരാജന്റെ പ്രസ്താവന ജാള്യത മറയ്ക്കാനുള്ള അവസാന അടവെന്ന് എസ്ഡിപിഐ
ബിജെപി നേതാവായ ബാലപീഡകനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലിസും നടത്തിയ രഹസ്യബാന്ധവം പാര്‍ട്ടി അണികളില്‍ പോലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂര്‍: ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ രക്ഷിക്കാന്‍ ഒത്തുകളി നടത്തിയതിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നതിന്റെ ജാള്യത മറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം നേതാവ് പി ജയരാജനെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍. പാലത്തായി കേസില്‍ തീവ്രവാദ സംഘടനകളാണ് ഇടപെടുന്നതെന്ന് ജയരാജന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഇരയുടെ മൊഴി പോലും മുഖവിലയ്‌ക്കെടുക്കാതെ പോക്‌സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരും പോലിസും നടത്തിയ ഒത്തുകളി പകല്‍ വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്.
അനാഥ ബാലികയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കുവേണ്ടി ഭരണചക്രം തിരിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പോലും പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് കോടിയേരി പ്രസ്താവന നടത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്. സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാ ശിശുക്ഷേമ മന്ത്രി കെ കെ ശൈലജ പോലും നിസ്സംഗത പാലിച്ചു എന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
ബിജെപി നേതാവായ ബാലപീഡകനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലിസും നടത്തിയ രഹസ്യബാന്ധവം പാര്‍ട്ടി അണികളില്‍ പോലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. കടുത്ത വര്‍ഗീയ വാദിയും അനാഥയായ സ്വന്തം വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച കേസിലെ പ്രതിയുമായ അധ്യാപകന് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ മുഖം കാണിക്കാനാവാതെ അലയുകയാണ് ജയരാജനും കൂട്ടരും. അതിനാല്‍ ഇരയുടെ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ മോശക്കാരാക്കിയെങ്കിലും മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജലാലുദ്ദീല്‍ വ്യക്തമാക്കി.