ഹിന്ദുത്വര്‍ തടഞ്ഞുവച്ച കന്നുകാലികളെ മോചിപ്പിക്കാന്‍ എസ്ഡിപിഐ ഇടപെടല്‍
മലപ്പുറം ജില്ലയിലെ പാണക്കാട്ടുള്ള മെദാന്‍ കന്നുകാലി ഫാമിലേക്ക് ഹരിയാനയില്‍ നിന്ന് കൊണ്ടുവരികയായിരുന്നു കന്നുകാലികളെ മൂന്ന് മാസം മുമ്പാണ് ഹുബ്ലിയില്‍ വച്ച് ഗോംസംരക്ഷകരെന്ന് പറയുന്നവര്‍ തടഞ്ഞത്. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ സംഘപരിവാറുകാരന്റെ ഗോശാലയിലേക്കു മാറ്റുകയായിരുന്നു.
വേങ്ങര: കര്‍ണാടകയിലെ ഹുബ്ലിയില്‍ സംഘപരിവാറുകാര്‍ തടഞ്ഞുവച്ച് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കന്നുകാലികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇടപെട്ട് മോചിപ്പിച്ചു. മലപ്പുറം ജില്ലയിലെ പാണക്കാട്ടുള്ള മെദാന്‍ കന്നുകാലി ഫാമിലേക്ക് ഹരിയാനയില്‍ നിന്ന് കൊണ്ടുവരികയായിരുന്നു കന്നുകാലികളെ മൂന്ന് മാസം മുമ്പാണ് ഹുബ്ലിയില്‍ വച്ച് ഗോംസംരക്ഷകരെന്ന് പറയുന്നവര്‍ തടഞ്ഞത്. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ സംഘപരിവാറുകാരന്റെ ഗോശാലയിലേക്കു മാറ്റുകയായിരുന്നു. ഫാമിലേക്കുള്ള എട്ട് പശുക്കളും നാലു പോത്തുകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വന്‍തുക നല്‍കിയാല്‍ കന്നുകാലികളെ വിട്ടുതരാമെന്നാണ് അക്രമികള്‍ പറഞ്ഞത്. പോലിസുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഫാം ഉടമ വേങ്ങര സ്വദേശിയായ ഷാജഹാന്‍ പറഞ്ഞു.
തുടര്‍ന്ന് ഫാം ഉടമകള്‍ കോടതിയെ സമീപിച്ചു. അനൂകൂല വിധിയുമായി ഗോശാലയില്‍ എത്തിയവരെ ഗോശാലക്കാര്‍ മര്‍ദ്ദിക്കുകയും കോടതി ഉത്തരവ് കീറിക്കളയുകമായിരുന്നു. പോലിസിന്റെ സഹായം ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ ഫാം അധികൃതര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
തുടര്‍ന്ന് പല വഴികളും പരീക്ഷിച്ച ഫാം ഉടമകള്‍ മന്ത്രി സുനില്‍ കുമാര്‍ വഴി ഇടപെട്ടിട്ടും ഫലം കണ്ടില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസരത്തിലാണ് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കെ സി നസീറിനെ ബന്ധപ്പെട്ടതെന്ന് വിഷയത്തില്‍ ഇടപെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുബാറക്ക് പുത്തനത്താണി തേജസ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് അഡ്വ. കെ സി നസീര്‍, മുബാറക് പുത്തനത്താണി, ഫാം മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹുബ്ലിയിലെത്തുകയും മംഗലാപുരത്തുള്ള എസ്ഡിപിഐ നാഷനല്‍ ലീഗല്‍ ചാര്‍ജ് അഡ്വ. മജീദ് ഖാനെ വിഷയം ഏല്‍പ്പിക്കുകയും ചെയ്തു.
ഹുബ്ലിയിലെ എസ്ഡിപിഐ അനുഭാവിയായ കന്നുകാലി കച്ചവടക്കാരന്റെ സഹായത്തോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗോശാലയുമായി ബന്ധപ്പെട്ടു. ആദ്യം അവര്‍ കന്നുകാലികളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കിലും പ്രാദേശിക പ്രവര്‍ത്തകരുടെ പിന്തുണയില്‍ നിരന്തര ഇടപെടല്‍ നടത്തിയതോടെ ഹിന്ദുത്വര്‍ കീഴടങ്ങുകയായിരുന്നു. മോചിപ്പിക്കപ്പെട്ട കന്നുകാലികളെ കേരള അതിര്‍ത്തി വരെ എത്തിക്കുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സുരക്ഷ ഒരുക്കുകയും ചെയ്തു. കന്നുകാലികളെ സുരക്ഷിതമായി പാണക്കാട്ടുള്ള ഫാമിലെത്തിച്ചു.