പ്രവാസി വഞ്ചന: സെക്രട്ടറിയേറ്റിനു മുന്നിൽ എസ്ഡിപിഐ ഉപവാസം ആരംഭിച്ചു

'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Update: 2020-06-09 06:45 GMT

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പില്‍  ഉപവാസം ആരംഭിച്ചു. ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന. സെക്രട്ടറിമാരായ അബ്ദുൽ ഹമീദ്, റോയി അറയ്ക്കൽ, ട്രഷറർ അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ കെ എസ് ഷാൻ, പി ആർ സിയാദ്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന പ്രവാസി ഫോറം അധ്യക്ഷൻ സുലൈമാൻ മൗലവി, ഇമാംസ് കൗൺസിൽ ജില്ലാ സെക്രട്ടറി, എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് സിയാദ് കണ്ടല, നബീസ തുടങ്ങിയ പ്രമുഖര്‍ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്.


'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനത്തിന്റെ അടിസ്ഥാന ശിലകളായ പ്രവാസികളെ കരുതലോടെ കാണേണ്ട ആപല്‍ഘട്ടത്തില്‍ അവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. കൊവിഡ് രോഗ ഭീഷണിയില്‍ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് വര്‍ധിച്ച വിമാനക്കൂലി ഈടാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ദ്രോഹിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരാവാട്ടെ അവര്‍ നാട്ടിലെത്തേണ്ട എന്ന നിലപാട് സ്വീകരിക്കുന്നു. ഇതിനായി കേന്ദ്രത്തിന് കത്ത് അയക്കുന്നു. കൂടാതെ രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതോടൊപ്പം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. രോഗം ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. പല കുടുംബങ്ങളും പട്ടിണിയിലും തീരാദുരിതത്തിലുമാണ്. അതോടൊപ്പം വന്‍തുക ബാങ്കിലുള്‍പ്പെടെ കടബാധ്യതയുള്ളവരാണ് പ്രവാസികളിലേറെയും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മനുഷ്യത്വപരമായ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം പ്രവാസികളുടെ വിഷയത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലം തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിച്ച ഉപവാസത്തില്‍ പ്രമുഖര്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കും.

Tags:    

Similar News