പരപ്പനങ്ങാടി: മലപ്പുറം ജില്ല വിഭജിക്കണമെന്ന വാദത്തെ എതിര്‍ത്ത് രംഗത്ത് വന്ന ആര്യാടന്‍ മുഹമ്മദിനെതിരേ എസ്ഡിപിഐ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. ജില്ലാ വിഭജനവാദത്തെ തള്ളുകയും നിയമസഭയിലെ സബ്മിഷനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാറിനെതിരെയും പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
18 ലക്ഷം ജനങ്ങള്‍ ഉള്ള സമയത്ത് മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ രംഗത്ത് വന്നയാളാണ് ആര്യാടന്‍ മുഹമ്മദ്. 50 ലക്ഷം ജനങ്ങള്‍ വികസന പോരായ്മകള്‍ മൂലം വീര്‍പ്പ് മുട്ടുമ്പോള്‍ പരിഹാരം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുക മാത്രമാണ്. എന്നാല്‍ ഈ ആവശ്യത്തെ പുറം കാലുകൊണ്ട് ചവിട്ടുന്ന ആര്യാടന്‍ ജൂതാസിന്റെ ജോലിയാണ് എടുക്കുന്നത്.
ജില്ലയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ത്തി കൊണ്ട് വന്നപ്പോള്‍ അതിനെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നിലപാട്, അടുത്ത കാലത്തായി ജില്ലയെ തീവ്രവാദ കേന്ദ്രമാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ്. ഇന്ന് നിയമസഭയില്‍ ഇടതുപക്ഷം അതു തെളിയിച്ചുവെന്നും എസ്ഡിപിഐ ആരോപിച്ചു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും പാര്‍ട്ടി വന്‍ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസി. സിപിഎ ലത്തീഫ് ,ജനറല്‍ സെക്രട്ടറി എകെ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, ഷൗക്കത്ത് എന്നിവര്‍ അറിയിച്ചു.