രണ്ടാം മാറാട് കലാപം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
2003 മെയ് രണ്ടിനുണ്ടായ കലാപത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. 2011 ജനുവരി 23 ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലായത്.
കോഴിക്കോട്: 2003ലെ രണ്ടാം മാറാട് കലാപക്കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മാറാട് പ്രത്യേക കോടതി അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ എസ് അംബികയാണ് ശിക്ഷ വിധിച്ചത്.
95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ (31) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2003 മെയ് രണ്ടിനുണ്ടായ കലാപത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. 2011 ജനുവരി 23 ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലായത്. ഹൈദരാബാദിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍ കഴിയുകയായിരുന്നു.
2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ ആനന്ദാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. രണ്ടാം മാറാട് കേസില്‍ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പേരെ 2008 ഡിസംബറില്‍ വിചാരണക്കോടി ശിക്ഷിച്ചു. 76 പേരെ കോടതി വിട്ടയച്ചു.