മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കുണ്ടെന്നത് ഇന്ത്യയുടെ പാരമ്പര്യമാണെന്നു ഹൈക്കോടതി

ഇന്ത്യന്‍ സമൂഹത്തില്‍ മുതിര്‍ന്നവരെ നോക്കുക എന്നത് അവരുടെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരക്കു പിടിച്ച ആധുനിക ലോകത്ത് മുതിര്‍ന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമായി മാറിയിരിക്കുന്നുവെന്നത് ഖേദകരമാണ്. രാജ്യത്തിന്റെ ഒരോ മുക്കിലും മൂലയിലും വരെ വൃദ്ധസദനങ്ങള്‍ പെരുകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുതിര്‍ന്നവരെ പരിപാലിക്കുന്ന പാരമ്പര്യവും സംസ്‌കാരവും നമ്മളില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. സമൂഹത്തെ പരിപാലിക്കുന്നതു സന്തോഷപൂര്‍വമാണെങ്കിലേ രാജ്യത്തെയും സന്തോഷത്തോടെ പരിപാലിക്കാനാവൂ

Update: 2019-11-11 14:26 GMT

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കുണ്ടെന്നത് ഇന്ത്യയുടെ പാരമ്പര്യമാണെന്നു ഹൈക്കോടതി. മകള്‍ പരിപാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ കൊല്ലം സ്വദേശി ഗോപിനാഥന്‍ പിള്ളയ്ക്ക് അനുകൂലമായ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങളുണ്ടായത്.ഇന്ത്യന്‍ സമൂഹത്തില്‍ മുതിര്‍ന്നവരെ നോക്കുക എന്നത് അവരുടെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരക്കു പിടിച്ച ആധുനിക ലോകത്ത് മുതിര്‍ന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമായി മാറിയിരിക്കുന്നുവെന്നത് ഖേദകരമാണ്. രാജ്യത്തിന്റെ ഒരോ മുക്കിലും മൂലയിലും വരെ വൃദ്ധസദനങ്ങള്‍ പെരുകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മുതിര്‍ന്നവരെ പരിപാലിക്കുന്ന പാരമ്പര്യവും സംസ്‌കാരവും നമ്മളില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. സമൂഹത്തെ പരിപാലിക്കുന്നതു സന്തോഷപൂര്‍വമാണെങ്കിലേ രാജ്യത്തെയും സന്തോഷത്തോടെ പരിപാലിക്കാനാവൂ. വാര്‍ധക്യ കാലത്ത് മുതിര്‍ന്നവരെ നല്ലരീതിയില്‍ പരിപാലിക്കുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റ് സീനിയര്‍ പൗരന്‍മാര്‍ക്കായി നിയമം കൊണ്ടുവന്നതെന്നും ഉത്തരവില്‍ പറയുന്നു. ഹരജി വീണ്ടും മെയിന്റനന്‍സ് ട്രിബ്യുണലിന്റെ പരിഗണനയ്ക്ക് വിട്ടു. ട്രിബ്യുണലിനു മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍ സ്വമേധയാ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അടിസ്ഥാനപരവും ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്നു ട്രിബ്യുണല്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News