തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂര മര്‍ദനത്തിനിരയായ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. അരുണ്‍ ആനന്ദ് എന്നയാളുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികള്‍ക്കും നേരെയുണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു
കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂര മര്‍ദനത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. അരുണ്‍ ആനന്ദ് എന്നയാളുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികള്‍ക്കും നേരെയുണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. മാധ്യമങ്ങളും ആശുപത്രി അധികൃതരും നല്‍കുന്ന വിവരമനുസരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസുള്ള മൂത്ത കുട്ടി ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചാണ് കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട കേവലം ഒരു നിയമ നടപടി എന്നതിനപ്പുറത്തേക്ക് ഭാവിയില്‍ ഇത്തരം പ്രവണതകള്‍ തടയുന്നതിനും കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഫലപ്രദവും ശക്തവുമായ നടപടികള്‍ ഉറപ്പാക്കാനും കത്ത് സ്വമേധയാ ഹരജിയായി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് പൊതുതാല്‍പര്യ ഹരജിയായി വിഷയം പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.