മഴ കനക്കുന്നു; 'മഹാ' ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തിപ്രാപിക്കും

'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവും.

Update: 2019-10-31 01:15 GMT

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. 'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവും. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണമായും നിരോധിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 12 മണിക്കൂറില്‍ വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയേറെയാണ്.

Full View

സംസ്ഥാനം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ല. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

നാല് താലൂക്കുകളില്‍ നാളെ അവധി

കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍, ചാവക്കാട്, കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍, അംഗനവാടികള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി ഇല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കളക്ടര്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തിയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യയുണ്ട്. 

Tags:    

Similar News