എസ്എന്‍ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ അക്രമം

പയ്യന്നൂര്‍ കോളജിലും മാടായി കോളജിലും ഇരിട്ടി എംജി കോളജിലും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമമുണ്ടായിരുന്നു. പാലയാട് യൂനിവേഴ്‌സിറ്റി ക്യാംപസിലും കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുള്‍പ്പടെയുള്ളവര്‍ക്ക് നേരേയും ഇന്നലെ കയ്യേറ്റമുണ്ടായി.

Update: 2022-02-14 18:04 GMT

കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ അക്രമം. എസ്എഫ്‌ഐ എടക്കാട് ഏരിയ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘമാണ് കെഎസ്‌യു പ്രവര്‍ത്തകരെ അക്രമിച്ചതെന്നാണ് ആരോപണം. അക്രമത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരായ റിസ്വാന്‍ സിഎച്ച്, കാളിദാസ് രഞ്ജിത്ത്, പ്രകീര്‍ത്ത് പി തുടങ്ങിയവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ക്യാംപസുകള്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഒടുവിലത്തെ ഉദാരണമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമമെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

നേരത്തെ പയ്യന്നൂര്‍ കോളജിലും മാടായി കോളജിലും ഇരിട്ടി എംജി കോളജിലും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമമുണ്ടായിരുന്നു. ഈ മാസം പതിനെട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന പാലയാട് യൂനിവേഴ്‌സിറ്റി ക്യാംപസിലും കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുള്‍പ്പടെയുള്ളവര്‍ക്ക് നേരേയും ഇന്നലെ കയ്യേറ്റമുണ്ടായി.

ഗുണ്ടാ സംഘങ്ങളെ വെല്ലുന്ന ഈ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്ന് കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. ക്യാംപസുകള്‍ക്കകത്തും പുറത്തും ഭീകരമായ അക്രമങ്ങള്‍ക്ക് എസ്എഫ്‌ഐ കോപ്പു കൂട്ടുകയാണ്. ക്രിമിനല്‍ സംഘങ്ങളെ നിലക്ക് നിര്‍ത്താന്‍ പോലിസ് ആര്‍ജവം കാണിക്കണമെന്നും ഇത്തരം അക്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ എസ്എഫ്‌ഐയുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാണിക്കുന്ന രീതിയില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Similar News