ക്ഷമ പറഞ്ഞതിൽ സന്തോഷമെന്ന് ശാരദക്കുട്ടി; വിനായകനെതിരായ വംശീയാധിക്ഷേപത്തിൽ മൗനം
വിനായകന്റെ പ്രതികരണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ വ്യാപകമായ വംശീയാധിക്ഷേപമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.
കോഴിക്കോട്: വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച നടന്‍ വിനായകൻ തെറ്റുതിരുത്തിയതിൽ സന്തോഷമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എന്നാൽ വിനായകനെതിരേ ശാരദക്കുട്ടി നടത്തിയ കടുത്ത വംശീയാധിക്ഷേപത്തിൽ അവർ മൗനം നടിക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ , ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നതെന്നായിരുന്നു ശാരദക്കുട്ടിയുടെ പുതിയ പ്രതികരണം.
ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച് പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ.. എന്നായിരുന്നു വിനായകന്റെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ശാരദക്കുട്ടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിനായകന്റെ ക്ഷമാപണം. മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗം ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകന്റെ കുറിപ്പ്. വിനായകന്റെ പ്രതികരണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ വ്യാപകമായ വംശീയാധിക്ഷേപമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.