മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ആകെ തുറന്നുവിടുന്നത് സെക്കന്റില്‍ 825 ഘനയടി ജലം

Update: 2021-10-29 16:04 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ഘനയടിയില്‍നിന്ന് 275 ക്യൂസെക്‌സ് കൂടി ഇന്ന് രാത്രി മുതല്‍ അധികമായി ഒഴുക്കും. ഇതോടെ ഡാമില്‍നിന്ന് ആകെ സെക്കന്റില്‍ 825 ഘനയടി വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുക. ഇന്ന് രാത്രി 9 മണിയോടെയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഡാം അധികൃതര്‍ അറിയിച്ചത്. കേരളത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഒരു ഷട്ടര്‍കൂടി 30 സെന്റീമീറ്ററായിരിക്കും ഉയര്‍ത്തുക.

നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. സെക്കന്റില്‍ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്.

Tags:    

Similar News